പ്രകാശ് അംബേദ്കർ

സീറ്റ് വിഭജനം; മഹാ വികാസ് അഘാഡി മീറ്റിങ്ങിൽ വി.ബി.എ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രകാശ് അംബേദ്കർ

മുംബൈ: മുംബൈയിൽ നടക്കുന്ന മഹാ വികാസ് അഘാഡി മീറ്റിങ്ങിൽ വഞ്ചിത് ബഹുജൻ ആഘാഡി (വി.ബി.എ) പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രകാശ് അംബേദ്കർ. ഫെബ്രുവരി 24ന് നടന്ന എം.വി.എ കാര്യകർത്താസ് മേള ഉൾപ്പെടെ ഫെബ്രുവരി രണ്ടിന് ശേഷമുള്ള എം.വി.എയുടെ ആന്തരിക ചർച്ചകളിലോ പരിപാടികളിലോ വി.ബി.എ പങ്കെടുക്കുകയോ ക്ഷണിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും എം.വി.എയോട് നല്ല ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇന്നത്തെ എം.വി.എ മീറ്റിങ്ങിൽ, ഇതുവരെ അന്തിമമാക്കിയ സീറ്റ് വിഭജന തീരുമാനം പങ്കുവെക്കാൻ എം.വി.എയോട് വി.ബി.എ അഭ്യർഥിക്കും. ഫെബ്രുവരി രണ്ടിന് മുംബൈയിലെ ട്രൈഡന്‍റ് ഹോട്ടലിൽ മൂന്നു പാർട്ടികളുടെ പ്രതിനിധികളുമായുള്ള അവസാന കൂടിക്കാഴ്ചയിലും ഇതേ അഭ്യർഥന നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ്, ശിവസേന (യു.ബി.ടി), എൻ.സി.പി-ശരദ് പവാർ എന്നിവ തമ്മിലുള്ള സീറ്റ് വിഭജനത്തിന്‍റെ വിശദാംശങ്ങൾ ചൊവ്വാഴ്ചക്കകം അറിയിക്കണമെന്ന് വി.ബി.എ മഹാ വികാസ് അഘാഡിയോട് നേരത്തെ അവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വി.ബി.എയെ മഹാ വികാസ് അഘാഡിയിൽ ഉൾപ്പെടുത്തുമെന്ന് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നാണ് വി.ബി.എയെ രാഷ്ട്രീയ സഖ്യകക്ഷിയായി ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. ഡോ.ബി.ആർ അംബേദ്കറിന്റെ പേരമകനായ പ്രകാശ് അംബേദ്കറിന്റെ വി.ബി.എക്ക് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ സ്വാധീനമുണ്ട്.

Tags:    
News Summary - VBA would be sending its representatives to the Maha Vikas Aghadi meeting today in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.