ഇനി പുതിയ തൊഴിലുറപ്പ് പദ്ധതി; വി.ബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി അടിമുടി പൊളിച്ചെഴുതുന്ന വി.ബി ജി റാം ജി ബില്ലിൽ(വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. ഇതോടെ ബില്ല് നിയമമായി. കടുത്ത പ്രതിഷേധത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയതിനു പിന്നാലെയാണ് ബില്ല് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചത്.

യു.പി.എ ഭരണകാലത്ത് കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് പകരമായാണ് കേന്ദ്രം വി.ബി ജി റാം ജി ബില്ല് കൊണ്ടുവന്നത്. ലോക്സഭയിൽ ബില്ല് കീറിയെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വിബി-ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് തള്ളി.

ബില്ല് നിയമമായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയൊരു വിഭാഗം പുറത്താകാൻ സാധ്യതയുണ്ട്. നിലവിലെ 100 തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണ് ബില്ലിൽ പറയുന്നത്. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്നും നിബന്ധനയുണ്ട്. ഇതൊക്കെ തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണം കുറയാൻ ഇടയാക്കും.

അതുപോലെ പദ്ധതിച്ചെലവിന്റെ 40 ശതമാനം അതത് സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. നിലവിൽ 4000 കോടി രൂപയോളമാണ് തൊഴിലുറപ്പുവിഹിതമായി കേരളത്തിന് ലഭിക്കുന്നത്. വിഹിതം കുറയുന്നതോടെ സംസ്ഥാനത്തിന് അത് വലിയ ബാധ്യതയാകും.

അതേസമയം, ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനാണ് പുതിയ നിയമം വഴി അവസര​മൊരുങ്ങുന്നതെന്നും എല്ലാ ദരിദ്രർക്കും സമൃദ്ധമായ തൊഴിൽ നൽകുന്നതിനും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനും ഭിന്നശേഷിക്കാർ, പ്രായമായവർ, സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവർക്ക് അധിക സംരക്ഷണം നൽകുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്നുമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് ചൗഹാൻ പറയുന്നത്. പൊതു ഫണ്ട് കാര്യക്ഷമമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുക, കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ഉദ്ദേശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - VB-G RAM G Bill gets President Murmu's assent, now becomes law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.