കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമെന്ന്

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷനും വന്ധ്യതയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഡോ. പോള്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് 90 ശതമാനം ഗര്‍ഭിണികളും ആശുപത്രി വാസം ആവശ്യമില്ലാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍, വളരെ കുറച്ചുപേരിലെങ്കിലും ആരോഗ്യാവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകുന്നത് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ വാക്‌സിനെടുക്കണമെന്ന് പറയുന്നത് -ഡോ. വി.കെ. പോള്‍ പറഞ്ഞു.

പല വിദേശ രാജ്യങ്ങളിലും ഗര്‍ഭിണികള്‍ക്ക് നേരത്തെ തന്നെ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കുന്നത് കുഞ്ഞിനും പ്രതിരോധ ശേഷി നല്‍കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മൊഡേണ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ ഇന്ന് അനുമതി നല്‍കിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണക്കുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - vaccines safe for pregnant women, lactating moms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.