ബംഗളൂരു: കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. ധനഞ്ജയ് കുമാർ കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായികൂടിയായ ധനഞ്ജയ് പാർട്ടി വിടുന്നത് ബി.ജെ.പിക്ക് തിരിച്ചടിയായി. പാർട്ടിയിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് മംഗളൂരു മുൻ എം.പി കൂടിയായ ഇദ്ദേഹം കോൺഗ്രസിലേക്ക് കുടിയേറുന്നത്. വെള്ളിയാഴ്ച ബംഗളൂരുവിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ബി.ജെ.പിയുടെ യുവജവ വിഭാഗത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1983ൽ എം.എൽ.എയായി. 1991ൽ കോൺഗ്രസിലെ പ്രമുഖനായിരുന്ന ബി. ജനാർദന പൂജാരിയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. നാലു തവണയാണ് മംഗളൂരുവിൽനിന്ന് എം.പിയായത്. മൂന്നുതവണ കേന്ദ്ര മന്ത്രിയായി. 1996ൽ വ്യോമയാനം, 1999-2000 വർഷത്തിൽ ധനകാര്യ സഹമന്ത്രി, 2000-2003 കാലയളവിൽ ടെക്സ്റ്റൈൽസ് എന്നിവയുടെ ചുമതല വഹിച്ചു. 2012 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പയെ പുറത്താക്കിയ നടപടിയെ പരസ്യമായി വിമർശിച്ചു രംഗത്തെത്തി. തുടർന്ന് പാർട്ടി പുറത്താക്കിയപ്പോൾ യെദിയൂരപ്പയുടെ കർണാടക ജനതാ പാർട്ടിയിലേക്ക് ചേക്കേറി. ഇതിനിടെ യെദിയൂരപ്പ തിരിച്ച് ബി.ജെ.പിയിലെത്തിയെങ്കിലും ഇദ്ദേഹത്തെ പാർട്ടിയിലെടുക്കുന്നതിൽ ഒരുവിഭാഗം രംഗത്തെത്തി. 2014 ൽ ജനതാദൾ എസിൽ ചേർന്നു. 2015ൽ യെദിയൂരപ്പയുടെ നിർബന്ധപ്രകാരം തിരിച്ച് ബി.ജെ.പിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.