പുഷ്‌കർ സിങ് ധാമി

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും

റാഞ്ചി: ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണ്. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റ് ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.

ഉത്തരാഖണ്ഡില്‍ നിലവിലുള്ള സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനമായിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ. യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.

നേരത്തെ തന്നെ ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദിവാസികളെയും ചില പ്രത്യേക സമുദായങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു.സി.സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. 

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സ്വാതന്ത്ര്യാനന്തര കോൺസാംബ്ലി ചർച്ചകളോളം പഴക്കമുണ്ട്. 1948 ഡിസംബർ 2ന് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട 13ാം അനുച്ഛേദത്തിന് രൂപംനൽകുന്ന വേളയിൽ സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് നേതാവുമായ ഹസ്രത്ത് മൊഹാനിയുടെയും സയ്യിദ് കമാലുദ്ദീന്റെയും പിന്തുണയോടെ യൂനിയൻ മുസ്‍ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈൽ എല്ലാ ഓരോ പൗരനും അവന്റെ/അവളുടെ വ്യക്തിനിയമം പിന്തുടരാൻ അവകാശമുണ്ടായിരിക്കും എന്ന ഒരു ഭേദഗതി അവതരിപ്പിക്കുകയുണ്ടായി. 44ാം വകുപ്പിലെ ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച മാർഗനിർദേശകതത്ത്വം ചർച്ചക്കു വന്നപ്പോൾ ഭരണഘടനാ നിർമാണസഭാ മെംബറായ നസീറുദ്ദീൻ അഹ്മദ് ‘‘കേന്ദ്ര നിയമനിർമാണ സഭക്ക് നിയമംമൂലം തീരുമാനിക്കാനുതകുന്നവിധം അതത് സമുദായങ്ങളുടെ കാലേക്കൂട്ടിയുള്ള അംഗീകാരമില്ലാതെ വ്യക്തിനിയമങ്ങൾ ഭേദഗതിചെയ്യരുത്’’ എന്നൊരു ഭേദഗതിയും സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഭേദഗതികളെല്ലാം അന്ന് തള്ളിക്കളയുമ്പോൾ ഭരണഘടനാ ശിൽപിയായ ഡോ. അംബേദ്കർ നൽകിയ ചില ഉറപ്പുകളുണ്ട്. ഒരു സിവിൽ കോഡ് ആവിഷ്കരിക്കുമ്പോൾ അത് പൗരന്മാരുടെ മേൽ അവർ പൗരന്മാരായി എന്നതുകൊണ്ടുമാത്രം അടിച്ചേൽപിക്കപ്പെടുമെന്ന് ഈ വകുപ്പ് പറയുന്നില്ലെന്നും ഒരു കോഡിനാൽ ബന്ധിക്കപ്പെടാൻ സ്വയം തയാറാണെന്ന് പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് ഭാവി പാർലമെന്റിന് ഒരു ഉപവകുപ്പ് നിർമിക്കാവുന്നതാണെന്നും’’ അംബേദ്കർ ഉറപ്പുനൽകുകയുണ്ടായി.

Tags:    
News Summary - Uttarakhand to implement Uniform Civil Code today, first state to do so

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.