ഉത്തരകാശിയിൽ ട്രെക്കിങ്ങിനെത്തിയ എം.ബി.എ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ ആറാം ദിവസം, സുഹൃത്തുക്കൾ കസ്റ്റഡിയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ആറുദിവസം മുമ്പ് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ എം.ബി.എ വിദ്യാർഥിനിക്കായി തിരച്ചിൽ ഊർജിതം. 24കാരിയെ കാണാതായ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ സുഹൃത്തുക്കളായ രണ്ടുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തായി പൊലീസ് അറിയിച്ചു.
നൈനിറ്റാൾ സ്വദേശിയായ ബബിത പാണ്ഡെയെയാണ് മേയ് 29 രാത്രി മുതൽ കാണാതായത്. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗറിലെ ഹർമൻപാൽ സിങ്, ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഹർമൻപ്രീത് സിങ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ്ങിനായാണ് ഉത്തരകാശിയിലേക്ക് പോയത്.
മേയ് 25ന് മൂവരും ഡെറാഡൂണിലെത്തി. പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചരിച്ചു. മേയ് 28ന് ഇവർ റൈതാൽ ഗ്രാമത്തിലെത്തുകയും അവിടെ താമസിക്കുകയും ചെയ്തു. റൈതാലിലെ സി.സി.ടി.വി കാമറകളിലാണ് മൂവരെയും ഒരുമിച്ച് അവസാനമായി കണ്ടത്. പിറ്റേദിവസം ഇവർ റൈതാളിൽനിന്ന് ഉത്തരാഖണ്ഡിലെ ദയാര ബുഗ്യാലിലേക്ക് ട്രെക്കിങ് ആരംഭിക്കുകയും രാത്രി ഗോയ് ബേസ് ക്യാമ്പിൽ തങ്ങുകയുമായിരുന്നു. ബേസ് ക്യാമ്പിൽനിന്നാണ് ബബിത പാണ്ഡെയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോൾ ബബിതയെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതായും ഉത്തരകാശി പൊലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ പറഞ്ഞു.
സൈന്യത്തിന്റെയും ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിന്റെയും ദേശീയ -സംസ്‍ഥാന ദുരന്ത നിവാരണ സേനകളുടെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ 150ലധികം അംഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. യുവതിയെ കണ്ടെത്താനായി സ്നിഫർ ഡോഗുകളെയും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. വനപ്രദേശത്തും ട്രെക്കിങ് വഴികളിലും തിരച്ചിൽ തുടരുകയാണ്.
അതേസമയം, ബബിത പാണ്ഡെക്കും സുഹൃത്തുക്കൾക്കൾക്കും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിങ്ങിന് അനുമതി നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രക്കിങ് ഏജൻസിയായ പ്രോ മൗണ്ടന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. സംഭവത്തിൽ ട്രെക്കിങ് ഗൈഡുകളെയും ഏജൻസിയുമായി ബന്ധപ്പെട്ട വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.