മലിനീകരണം: 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം തടയാൻ 48 മണിക്കൂറിനകം പൊതുമിനിമം പരിപാടി ആവിഷ്കരിക്കാൻ കേന്ദ്ര സർക്കാറിനോട് സൂപ്രീംകോടതി ആവശ്യപ്പെട്ടു. എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് പരമോന്നത കോടതി കേന്ദ്രത്തോട് നിർദേശിച്ചു. നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും ഡൽഹിയിലെ വായുമലിനീകരണ പ്രശ്​നത്തിൽ ഇടപെട്ടിരുന്നു. ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ഡൽഹിയിൽ കൃത്രിമ മഴപെയ്യിച്ചുകൂടെയെന്ന് ട്രൈബ്യൂണൽ ചോദിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹിയെയും അയൽ സംസ്ഥാനങ്ങളായ ഹരിയാനയെയും പഞ്ചാബിനെയും ട്രൈബ്യൂണൽ രൂക്ഷ ഭാഷയിൽ വിമർശിച്ചു.

മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഭിഭാഷകരാണ് സർക്കാറുകളെ പ്രതിനിധീകരിച്ച് ഹരിത കോടതിയിൽ ഹാജരായത്. മലിനീകരണത്തിനെതിരെ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവുകൾ പൂർണമായും വായിച്ചിട്ടില്ലെന്ന് അഭിഭാഷകർ കോടതിയിൽ സമ്മതിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാറുകൾ  അടിയന്തര നടപടി സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഏഴ് ദിവസത്തേക്ക് ഡൽഹിയിലെയും അഞ്ച് അയൽ സംസ്ഥാനങ്ങളിലെയും എല്ലാതരം നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും ഹരിത ട്രിബ്യൂണൽ നിർദേശിച്ചു. ഡൽഹിയിൽ നാളെ വരെ സകൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദീപാവലി ആഘോഷം കഴിഞ്ഞതോടെയാണ് വായു മലിനമായി ഡല്‍ഹിക്ക് കൂടുതല്‍ ശ്വാസം മുട്ടി തുടങ്ങിയത്. പടക്കം പൊട്ടിച്ചതിന്‍െറ പുകയും ഒപ്പം ശീതകാല മഞ്ഞും ചേര്‍ന്നതായിരുന്നു അവസ്ഥ. എന്നാല്‍, അതിനെക്കാള്‍ രൂക്ഷമായി പുകമഞ്ഞില്‍ മുങ്ങിനില്‍ക്കുകയാണ് ഇപ്പോള്‍ ഡല്‍ഹി. പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കച്ചിയും കുറ്റിയും കത്തിക്കുന്നതിന്‍െറ പുക അടിച്ചുകയറുകയാണ്. നല്ലൊരു മഴ കിട്ടാതെ പ്രശ്നം പരിഹരിക്കുക എളുപ്പമല്ല.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം പ്രധാന വിഷയമാണെന്നിരിക്കെ, പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് ചേംബറിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സ്കൂളുകള്‍ അടച്ചിടാന്‍ കഴിയില്ല. കച്ചിയും കുറ്റിയും കത്തിക്കുന്നത് കര്‍ഷകര്‍ ഉടനടി അവസാനിപ്പിക്കാതെ പറ്റില്ല. നിലമൊരുക്കുന്നതിന്‍െറ പരമ്പരാഗതരീതി മാറ്റാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Use Helicopters To Make It Rain Over Delhi: Top Green Court On Smog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.