നിർമല സീതാരാമൻ

അമേരിക്ക-ഇറാൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക-ഇറാൻ യുദ്ധം കേവലം ഒരു പ്രാദേശിക സുരക്ഷാ പ്രശ്നമല്ലെന്നും, അത് ആഗോള സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന ഒരു വ്യവസ്ഥാപിതമായ പ്രകമ്പനം ആയി മാറിയിരിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുന്നറിയിപ്പ് നൽകി. ലോകത്തെ പ്രധാന ഊർജ്ജ വിതരണ പാതകളെ ഈ സംഘർഷം തടസ്സപ്പെടുത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ലോകം മുമ്പ് നേരിട്ടിരുന്ന സാമ്പത്തിക ആഘാതങ്ങൾ ഒറ്റപ്പെട്ടതായിരുന്നു. എന്നാൽ ഇപ്പോൾ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, പ്രവചിക്കാനാകാത്ത അസ്ഥിരതയുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് അവർ പറഞ്ഞു. 2025ൽ ലോകം പ്രതീക്ഷിച്ചതിലും വലിയ വെല്ലുവിളികളാണ് നേരിട്ടതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ലോകം സാമ്പത്തികമായി വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിൽ ഓരോ രാജ്യത്തിന്റെയും കടബാധ്യതയും ഊർജ്ജ സുരക്ഷയും നിർണ്ണായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള പൊതു കടം 106 ട്രില്യൺ ഡോളറായി ഉയർന്നു. ഇത് ലോക ജി.ഡി.പിയുടെ 95 ശതമാനത്തിലധികം വരും. അമേരിക്കയുടെ കടം ജി.ഡി.പിയുടെ 125 ശതമാനമായും ജപ്പാന്റേത് 235 ശതമാനമായും വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തെ മറ്റ് വൻശക്തികളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് മന്ത്രി പറയുന്നു. ഇന്ത്യയുടെ കടം ജി.ഡി.പി അനുപാതം 81 ശതമാനമാണ്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 688 ബില്യൺ ഡോളർ (2026 മാർച്ച് 31 പ്രകാരം) കടന്നു. ഇത് ഏകദേശം 11 മാസത്തെ ഇറക്കുമതിക്ക് മതിയായതാണ്.

യുദ്ധം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലോകം അതീവ ആശങ്കയിലാണ്. ഹുർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ ഇറാൻ തയാറായില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും.

45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാവില്ലെന്ന ഗ്യാരണ്ടിയോടുകൂടിയ സ്ഥിരമായ സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. തിങ്കളാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടു. ഇറാൻ തിരിച്ചും ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ കണക്കുപ്രകാരം ഇതുവരെ 13,000ലധികം കേന്ദ്രങ്ങളിലാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്.

Tags:    
News Summary - US-Iran war now a systemic tremor, not just a regional conflict Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.