ന്യൂഡൽഹി: നീറ്റ്-യുജി ക്രമക്കേടിൽ പ്രതിഷേധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുകിനെ സമരപ്പന്തലിലെത്തി മുതിർന്ന കോൺഗ്രസ് നേതാവും വക്താവുമായ പവൻ ഖേര സന്ദർശിച്ചു. ഇരുപതാം ദിവസത്തിലേക്ക് കടന്ന സമരത്തിന് ഖേര പിന്തുണ അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരപ്പന്തലിലെത്തുന്ന ആദ്യ കോൺഗ്രസ് നേതാവാണ് പവൻ ഖേര.
മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിഷേധത്തിന് നേരത്തെ തന്നെ പിന്തുണ നൽകിയിട്ടും പാർട്ടി വിട്ടുനിന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ സന്ദർശനം. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖേര, പ്രതിഷേധക്കാർ ഉന്നയിച്ച ആശങ്കകൾ കേൾക്കാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
സമരത്തോട് അങ്ങേയറ്റം ക്രൂരവും നിഷേധാത്മകവുമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി. പ്രതിഷേധ സ്ഥലത്ത് നിരാഹാര സമരം നടത്തുന്ന മറ്റ് വിദ്യാർത്ഥികളെയും അദ്ദേഹം കണ്ടു. വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ഒരു മാസത്തിലേറെയായി പാർട്ടി ആവശ്യപ്പെടുന്നുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
അതേസമയം, 20 ദിവസമായി തുടരുന്ന നിരാഹാരം സോനം വാങ്‌ചുകിന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 350 ഗ്രാം കുറഞ്ഞ് അദ്ദേഹത്തിന്റെ ഭാരം 56.55 കിലോഗ്രാമായി താഴ്ന്നതായി ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദം 108/68, ബ്ലഡ് ഷുഗർ 70 എം.ജി/ഡി.എൽ എന്നിങ്ങനെയാണ്. ശരീരത്തിൽ കൊഴുപ്പും പേശികളും നഷ്ടപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ് അദ്ദേഹമെന്നും, ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ഡോ. സതീഷ് ലാംബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.