അയോധ്യയിലെ രാമക്ഷേത്രം

80 ലക്ഷമല്ല, അഞ്ച് കോടിയിലേറെ? രാമക്ഷേത്ര കൊള്ളയിൽ നിർണായക കണ്ടെത്തൽ

അയോധ്യ: രാമക്ഷേത്ര സംഭാവന മോഷണക്കേസിൽ നഷ്ടപ്പെട്ട തുക അഞ്ച് കോടിയിൽ അധികമാകാമെന്ന് സൂചന നൽകി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇതുവരെ പണം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ സാധനങ്ങൾ വീണ്ടെടുത്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ക്ഷേത്ര ട്രസ്റ്റ് അധികൃതർ തന്നെ പ്രതികളിൽ നിന്ന് 2.5 കോടി മുതൽ മൂന്ന് കോടി രൂപ വരെ നേരത്തെ വീണ്ടെടുത്തിരുന്നതായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വീണ്ടെടുത്തതിൽ ഒരുഭാഗം മാത്രമാണ് ഔദ്യോഗികമായി എസ്.ഐ.ടിക്ക് മുന്നിൽ രേഖപ്പെടുത്തിയതെന്നാണ് വിവരം.

സംഭാവന അപഹരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രസ്റ്റ് അധികൃതർ തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചുപിടിക്കാൻ ശ്രമം നടത്തി.

അതേസമയം, മൂന്നു കോടി രൂപ വീണ്ടെടുത്തെങ്കിലും രണ്ട് കോടി മുതൽ 2.5 കോടി രൂപ വരെ പ്രതികൾ ചെലവഴിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇത് സ്ഥിരീകരിച്ചാൽ മോഷ്ടിക്കപ്പെട്ട ആകെ തുക അഞ്ച് കോടിയിൽ അധികമായേക്കും.

സംഭാവന തുക എണ്ണുന്ന ചുമതലയിലുണ്ടായിരുന്ന പ്രതി സുഭാഷ് ശ്രീവാസ്തവയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടായത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായും, നേരത്തെയും സംഭാവന പണത്തിൽ ക്രമക്കേടുകൾ നടന്നിരുന്നുവെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.

സംഭവത്തിൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് യാദവ്, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര എന്നിവരാണിവർ. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയുടെ പ്രധാന ആസൂത്രകൻ ടിന്നു യാദവാണെന്ന് സുഭാഷ് മൊഴി നൽകിയിട്ടുണ്ട്.

പണം എപ്പോൾ, എങ്ങനെ മാറ്റണം എന്നതിൽ ടിന്നുവിനും മറ്റ് ചില പ്രതികൾക്കും പ്രധാന പങ്കുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രത്തിൽ വർഷങ്ങളായി ശമ്പളമില്ലാതെ സേവനം ചെയ്തിരുന്നയാളാണ് താനെന്നും, ടിന്നു യാദവിന്റെ സ്വാധീനം മൂലം ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെന്നും സുഭാഷ് പറഞ്ഞതായി സൂചനയുണ്ട്.

നാണയങ്ങൾ എണ്ണുന്ന ദിവസങ്ങളിൽ പ്രതികൾക്ക് ചുമതല നൽകാതിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. നോട്ടുകളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. നാണയങ്ങൾ മോഷ്ടിക്കുന്നത് പ്രായോഗികമല്ലെന്ന് കരുതിയതിനാലാണോ ഇത്തരത്തിൽ ക്രമീകരണം നടത്തിയതെന്ന് പൊലീസ് പരിശോധിച്ചു വരുന്നു.

പ്രതികളുടെ സ്വത്ത് വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ പുറത്തുവന്ന പുതിയ പേരുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Ram Temple Fund Theft Crosses ₹5 Crore?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.