ന്യൂഡൽഹി: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതിന് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ പർവേശ് ശുക്ല, പൊലീസ് അകമ്പടിയിൽ കാവി ഷാൾകൊണ്ട് മുഖം മറച്ച് കൈ വീശി നടന്നു
പോകുന്ന വിഡിയോ പുറത്ത്. ഒട്ടും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാത്ത ഇവരുടെ അഹങ്കാരവും മോദിയുടെ മൗനവും അചഞ്ചലമാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ദേശീയ കൺവീനർ രുചിര ചതുർവേദി അഭിപ്രായപ്പെട്ടു.
‘ബി.ജെ.പി നേതാവ് പർവേശ് ശുക്ല കാവി ഷാൾ ധരിച്ച് അഭിമാനത്തോടെ നടക്കുന്നു. ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ചതിന് പശ്ചാത്താപമോ കുറ്റബോധമോ ഇല്ല. അവരുടെ അഹങ്കാരവും മോദിജിയുടെ മൗനവും അചഞ്ചലമാണ്’ -രുചിര ട്വീറ്റ് ചെയ്തു.
അതിനിടെ, അറസ്റ്റിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ ർവേശ് ശുക്ലയുടെ വീടിന്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കി. അനധികൃതമായി നിർമിച്ച ഭാഗങ്ങൾ ബുധനാഴ്ച നിരവധി പൊലീസ് ഉദ്യോഗസ്ഥരെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു. മധ്യപ്രദേശിലെ സിധി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പർവേശ് ശുക്ല തെരുവിലിരിക്കുന്ന യുവാവിന്റെ തലയിലും മുഖത്തും സിഗരറ്റ് വലിച്ചുകൊണ്ട് മൂത്രമൊഴിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തിൽ ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.