യുവതിയും ഭർത്താവും ചേർന്ന് കാമുകനെ കൊലപ്പെടുത്തി; യൂട്യൂബ് നോക്കി തെളിവ് നശിപ്പിച്ചു, ഒടുവിൽ പിടിയിൽ
ലഖ്നോ: യുവാവിനെ കാണാതായെന്ന കേസിൽ അന്വേഷണത്തിനിടെ വെളിപ്പെട്ടത് ഞെട്ടിക്കുന്ന ക്രൂരകൃത്യം. ഉത്തർപ്രദേശിലാണ് സംഭവം. ഫത്തേപൂർ ജില്ലയിൽനിന്നുള്ള വിജയ് നിഷാദിനെ മേയ് എട്ടുമുതലാണ് കാണാതായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടന്നപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തായത്.
ഒരു സ്ത്രീയും അവരുടെ ഭർത്താവും ചേർന്ന് ഇയാളെ കൊലപ്പെടുത്തിയതായും ശരീരം കഷണങ്ങളാക്കിയതായും പൊലീസ് കണ്ടെത്തി. യൂട്യൂബ് വീഡിയോകൾ കണ്ട് ഇവർ കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. വിജയ്‌യുടെ അവസാനത്തെ ലൊക്കേഷൻ അന്വേഷിച്ചെത്തിയ പൊലീസ് ഇയാൾ ഒരു പ്രണയബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇത് പ്രതി കിരൺ ദേവി എന്ന സ്ത്രീയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിരീക്ഷണ വിവരങ്ങളും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് കിരൺ ദേവിയിലേക്കും ഭർത്താവ് കാംത പ്രസാദിലേക്കും എത്തി. തുടർന്ന് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വിജയ്‌യും കിരൺ ദേവിയും മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നും കാംത പ്രസാദിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അതിലുണ്ടായ ദേഷ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. വിജയ്‌യെ ഇല്ലാതാക്കാൻ അയാൾ ഭാര്യയുമായി ചേർന്ന് പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.
വിജയ് യെ ഗൂഢാലോചനയുടെ ഭാഗമായി കിരൺ ദേവി വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും അയാൾ എത്തിയ ഉടൻ കാംത പ്രസാദ് ആക്രമിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കാനും ശ്രമം നടന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ കൊലപാതക കേസുകളിലെ ശിക്ഷ, ജയിൽ സംവിധാനങ്ങൾ, വധശിക്ഷകൾ, ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ത്രീകൾ, മൃതദേഹങ്ങൾ നശിപ്പിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിലും യൂട്യൂബിലും ഇവർ തെരച്ചിൽ നടത്തിയതായും പൊലീസ് കണ്ടെത്തി.
രാത്രി മൃതദേഹം മാറ്റാനാണ് പ്രതികൾ ആദ്യം ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മൃതദേഹം ചാക്കിൽ കൊള്ളാതായപ്പോൾ കഷണങ്ങളാക്കി മുറിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് ശരീരഭാഗങ്ങൾ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി അവിടെവെച്ച് കത്തിക്കുകയായിരുന്നു. ഇരയുടെ സാധനങ്ങൾ വിവിധ സ്ഥലങ്ങളിൽ ഇവർ ഉപേക്ഷിച്ചു. പ്രതികളുടെ വെളിപ്പെടുത്തലുകളെത്തുടർന്ന്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. അതിൽ മൃതദേഹാവശിഷ്ടങ്ങളും ഉൾപ്പെടും. രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.