വിജയമാണ് എന്റെ ഐഡന്റിറ്റി; മറ്റൊന്നും പ്രശ്നമല്ല -ട്രോളർമാരുടെ പരിഹാസത്തിന് മറുപടിയുമായി പ്രാചി നിഗം

സിതാപൂ​ർ: ഉത്തർപ്രദേശിലെ 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ പ്രാചി നിഗം മുഖ​​ത്തെ അമിതമായ രോമവളർച്ചയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പരിഹാസം നേരിട്ടിരുന്നു. സീതാപൂരില്‍ നിന്നുള്ള പ്രാചി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

സീതാപൂരിലെ സീതാ ബാല വിദ്യാ മന്ദിര്‍ ഇന്റര്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് പ്രാചി. 600ല്‍ 591 മാര്‍ക്കാണ് പ്രാചിക്ക് ലഭിച്ചത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഈ മിടുക്കിയുടെ അക്കാദമിക നേട്ടങ്ങളേക്കാള്‍ രൂപമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഒടുവിൽ പരിഹസിച്ചവർക്ക് പ്രാചി തന്നെ മറുപടിയും നൽകി. പരിഹസിക്കുന്നവർക്ക് അവരുടെ ചിന്താഗതി തുടരാം. എന്റെ വിജയത്തിൽ ഞാൻ സന്തോഷവതിയാണ്. വിജയമാണ് എന്റെ ഐഡന്റിറ്റി എന്നാണ് പ്രാചി പറഞ്ഞത്. ആദ്യമായാണ് ​ട്രോളർമാർക്കെതിരെ പ്രാചി പ്രതികരിക്കുന്നത്.

തനിക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി.സി.ഒ.എസ്) ആണെന്നും അതാണ് മുഖത്ത് അമിത രോമവളർച്ച​യെന്നും പ്രാചി പറഞ്ഞു. പരിഹാസം തന്നെ തളർത്തില്ലെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധയെന്നും തന്റെ ശരീര പ്രകൃതി ശ്രദ്ധിക്കുന്നില്ലെന്നും പ്രാചി മറുപടി.

വീട്ടുകാരും സു​ഹൃത്തുക്കളും സഹപാഠികളും സ്കൂൾ അധ്യാപകരും ഒരിക്കലും തന്നെ പരിഹസിച്ചിട്ടില്ല. റാങ്ക് കിട്ടി ഫോട്ടോ പുറത്തുവന്നതിനു പിന്നാലെയാണ് പരിഹാസം നേരിട്ടതെന്നും പ്രാചി വ്യക്തമാക്കി. അതിനിടെ, ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ പ്രാചി നിഗത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. സൗജന്യ ചികിത്സ വാഗ്ദാനംചെയ്ത് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ​സയൻസസ് ഡയറക്ടർ ആർ.കെ. ധിമാനും രംഗത്തുവന്നിട്ടുണ്ട്. എട്ടിനും 16നുമിടെ പ്രായമുള്ള കുട്ടികളിൽ ഇത്തരം അമിത രോമവളർച്ച സാധാരണമാണെന്നും അത് മാസങ്ങൾക്കകം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും പ്രഫ. ആർ.കെ. ധിമാൻ പറഞ്ഞു.

Tags:    
News Summary - UP topper Prachi Nigam shuts up trollers over her facial hair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.