തർക്കത്തിനിടെ കാർ ഡ്രൈവറെ മുട്ട് കുത്തിച്ച് മൂക്കുകൊണ്ടു നിലംതൊടീക്കുന്നു

‘മന്ത്രി എന്റെ ആളാണ്...’; തർക്കത്തിനിടെ കാർഡ്രൈവറെ മുട്ടിലിഴയിച്ച്, മാപ്പു പറയിച്ച് ബി.ജെ.പി നേതാവി​ന്റെ അതിക്രമം

ലഖ്നോ: ഹാത് ജോഡ്കെ ഹാൻ... സോമേന്ദ്ര തോമർ ഭയ്യാ ​ഹേ മേരാ... (കൈ ചേർത്ത് മാപ്പു പറയൂ.. സോമേന്ദ്ര തോമർ (യു.പി മന്ത്രി) എന്റെ സഹോദരനാണ്) -ഉത്തർ പ്രദേശിലെ മീററ്റിൽ റോഡരികിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബി.ജെ.പി യുവനേതാവ് പറഞ്ഞ വാക്കുകളാണിത്. ചുറ്റം കൂടി നിന്ന പൊലീസുകാരെയും ജനങ്ങളെയും കാഴ്ചക്കാരനാക്കി കാർഡ്രൈവറെ മുട്ടുകുത്തിച്ചും കൈകൂപ്പിയും മാപ്പു പറയിച്ച യുവ നേതാവ് വികുൽ ചപ്രണയുടെ പ്രവർത്തി രാഷ്ട്രീയ എതിരാളികളും ആയുധമാക്കി മാറ്റി.

ഉത്തർ പ്രദേശ് മന്ത്രിയുമായുള്ള തന്റെ അടുത്ത ബന്ധവും, സ്വാധീനവും വിളിച്ചു പറഞ്ഞായിരുന്നു രൂക്ഷമായ വാക്കുകളിലൂടെ ഇയാൾ കാർ ഡ്രൈവറെ അധിക്ഷേപിച്ച് മാപ്പുപറയിച്ചത്.

മീററ്റ് സൗത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ തോമർ, ഉത്തർ പ്രദേശ് ഊർജ മന്ത്രിയാണ്. സംസ്ഥാനത്തെ ബി.ജെ.പി യുവനേതാക്കളിൽ ഒരാളായ ചപ്രണ മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ്. ഈ സ്വാധീനമാണ് തർക്കത്തിനിടെ കാർഡ്രൈവർക്കെതിരെ ഉപയോഗിച്ചതെന്നാണ് ആക്ഷേപം.

മുട്ട് കുത്തി, മൂക്ക് നിലത്ത് തൊട്ട് മാപ്പിനായി കേണപേക്ഷിക്കുന്ന മധ്യവയസ്കനായ കാർ ഡ്രൈവർ, പിന്നീട് കൈകൂപ്പി യാചിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ഇടപെടാതെ നോക്കി നിൽക്കുകയാണ് പൊലീസ്.

വീഡിയോ ദൃശ്യം, കോൺഗ്രസ് ഔദ്യോഗിക ‘എക്സ്’ പേജിൽ പങ്കുവെച്ചു. ബി.ജെ.പിയുടെ യഥാർത്ഥ മുഖം ഇതാണെന്നും, ജനങ്ങളെ വെറും കീടങ്ങളെ പോലെ കണക്കാക്കുയും നേതാക്കൾ രാജാവിനെ പോലെ വാഴുകയും ചെയ്യുന്നതാണ് അവരുടെ ശൈലിയെന്നും കോൺഗ്രസ് ‘എക്സ്’ പോസ്റ്റിൽ കുറിച്ചു. ഇയാളെ അറസ്റ്റു ചെയ്യണമെന്നും ആ​വശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.