പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകി രോഗി മരിച്ച സംഭവം; ആശുപത്രി പൊളിച്ചുമാറ്റും

ലഖ്നോ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തിൽ ആശുപത്രി ബുൾഡോസർ കൊണ്ട് തകർക്കാൻ തീരുമാനം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റർ തകർക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്.

കെട്ടിടം പൊളിച്ച് മാറ്റുമെന്ന് ആശുപത്രിക്കയച്ച നോട്ടീസിൽ അധികൃതർ വ്യക്തമാക്കി. രോഗി മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീൽ ചെയ്തിരുന്നു. അനുമതി ഇല്ലാതെയാണ് ആശുപത്രി നിർമിച്ചതെന്നും വെള്ളിയാഴ്ചക്കകം ആശുപത്രി ഒഴിയണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.

ഈ വർഷം ആദ്യമാണ് പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയത്. അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർക്ക് നേരത്തെ നോട്ടീസ് അയച്ചെങ്കിലും അതിൽ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസ് അധികൃതർ ആശുപത്രിക്ക് പുറത്ത് പതിച്ചിട്ടുണ്ട്.

രോ​ഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്മ ബാഗില്‍ നിറച്ചിരിക്കുന്നത് മുസംബി ജ്യൂസാണെന്ന് കണ്ടെത്തിയത്. മുസംബി ജ്യൂസ് കാഴ്ചയില്‍ പ്ലാസ്മ പോലെ ഇരുന്നതിനാൽ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.

അതേസമയം, വ്യാജ പ്ലേറ്റ്‌ലെറ്റ് വിൽപ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്ലഡ്ബാങ്കിൽ നിന്നും പ്ലാസ്മ വാങ്ങി വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. പ്ലേറ്റ്‌ലെറ്റ് എന്ന പേരിൽ ഡെങ്കിപ്പനി രോഗികൾക്കാണ് സംഘം പ്ലാസ്മ വിൽപ്പന നടത്തിയിരുന്നത്. 

Tags:    
News Summary - UP Hospital Accused Of Mosambi Juice In IV Drip Faces Bulldozer Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.