ലഖ്നോ: കൻവാർ യാത്ര കടന്നു പോകുന്ന ഇടങ്ങളിലെ കടകളിൽ ക്യൂ ആർ കോഡ് സ്റ്റിക്കറുകൾ പതിക്കൽ നിർബന്ധമാക്കി യു.പി സർക്കാർ. ഈ സ്റ്റിക്കറുകളിൽ കടകളിലെ മെനു എന്താണെന്ന് പ്രദർശിപ്പിക്കണം. പ്രധാനമായും മുസ്‍ലിം കടയുടമകളെ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. മീററ്റ് മുതൽ മുസാഫർ നഗർ വരെയുള്ള കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ കടക്കാർക്കാണ് നിർദേശം.
എല്ലാ ഭക്ഷണശാലകളും ക്യുആർ കോഡ് ഫുഡ് സേഫ്റ്റി കണക്റ്റ് ആപ്പുമായി ലിങ്ക് ചെയ്യണമെന്നാണ് നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ, ഭക്ഷ്യ സുരക്ഷാ ആശങ്കകൾ റിപ്പോർട്ട് ചെയ്യാനും പരാതികൾ ട്രാക്ക് ചെയ്യാനും കടയുടമകളുടെ ലൈസൻസുകൾ പരിശോധിക്കാനും ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും അധികൃതർ ഓർമിപ്പിച്ചു. ഏകദേശം നാല് കോടി വരുന്ന കൻവാർ യാത്രാ തീർഥാകർക്ക് ശുചിത്വം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാൻ ഇതു വഴി സാധിക്കുമെന്നാണ് അധികൃതരുടെ വാദം.
റസ്റ്റാറന്റുകൾ, പഴക്കടകൾ, റോഡരികിലെ ധാബകൾ എന്നിവിടങ്ങളിലെ ഉടമകൾ ഹിന്ദുക്കളോ മുസ്‍ലിംകളോ ആണോ എന്ന് സൂചിപ്പിക്കുന്ന പേരുകൾ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ നിർദേശം. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. യു.പി സർക്കാറിന് പുറമെ ഉത്തരാഖണ്ഡ് സർക്കാറും സമാന ഉത്തരവുമായി എത്തിയിരുന്നു. ഭിന്നിപ്പ് വളർത്താനുള്ള നീക്കമാണിത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
അതിനിടെ ക്യൂ ആർ കോട് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജികൾ സുപ്രീംകോടതി ജൂലൈ 15ന് പരിഗണിക്കും. ക്യൂ ആർ കോഡിൽ ഉടമകളുടെ പേരും ഐഡന്റിറ്റിയും വ്യക്തമാക്കേണ്ടി വരും. ഇത് മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് പ്രതിപക്ഷവും ആരോപിച്ചു. ഇത്തരം ഉത്തരവുകൾ വഴി യു.പി സർക്കാർ ജനങ്ങളെ വിഭജിക്കുകയാണോ എന്നാണ് കോൺഗ്രസ് എം.പി ഇംറാൻ മസൂദ് ചോദിച്ചത്. ഇവർ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. അവർ അതെ കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. തൊഴിൽ അവസരങ്ങൾക്കും ഇത്തരം ക്യൂ ആർ കോഡുകൾ സ്ഥാപിക്കാൻ സർക്കാർ തയാറാകുമോയെന്നും മസൂദ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.