യു.പിയിൽ വിധവ, വാർധക്യ പെൻഷൻ 1000 രൂപ; പശുക്കൾക്ക് പ്രതിമാസം 1500!

ലഖ്നോ: ഉത്തർപ്രദേശിൽ വിധവകൾക്കും വൃദ്ധർക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനേക്കാൾ കൂടുതൽ തുക അലഞ്ഞുതിരിയുന്ന പശുക്കൾക്ക് നൽകാൻ യോഗി ആദിത്യ നാഥ് സർക്കാറിന്റെ തീരുമാനം. ഭർത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകൾക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധർക്കും പ്രതിമാസം 1,000 രൂപയാണ് യു.പി സർക്കാർ പെൻഷൻ നൽകുന്നത്. എന്നാൽ, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് പശുവൊന്നിന് 1500 രൂപ വീതം നൽകും.


Full View

2022-23 സംസ്ഥാന ബജറ്റിൽ 5.49 ദശലക്ഷം വാർധക്യ പെൻഷൻ ഗുണഭോക്താക്കൾക്ക് മൊത്തം 6,069 കോടി രൂപയാണ് വിതരണം ചെയ്തത്. വിധവാ പെൻഷൻ പദ്ധതിക്ക് കീഴിൽ 2.72 ദശലക്ഷം ഗുണഭോക്താക്കൾക്ക് 3,299 കോടി വിതരണം ചെയ്തു. പശുക്കൾക്ക് നേരത്തെ 900 രൂപയായിരുന്നു നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ പ്രതിദിനം 50 രൂപ എന്ന നിരക്കിൽ മാസം 1,500 ആക്കി വർധിപ്പിച്ചത്. സെപ്തംബർ 9 നാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വർത്താകുറിപ്പ് പ്രസിദ്ധീകരിച്ചത്.

ഏകദേശം 13.7 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് സംസ്ഥാനത്തെ 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലും മറ്റുമായി പാർപ്പിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നൽകുന്ന കണക്ക്. ഇതിൽ 11.9 ലക്ഷം പശുക്കൾ പശു സംരക്ഷണ കേന്ദ്രങ്ങളിലാണ്. കൂടാതെ 1,85,000 പശുക്കൾ മുഖ്യ മന്ത്രി സഹഭഗീത യോജനയ്ക്ക് കീഴിൽ വ്യക്തികളുടെ സംരക്ഷണത്തിൽ കഴിയുന്നു. അതായത്, കന്നുകാലി ഭക്ഷണത്തിനായി ഒരു വർഷം 2,500 കോടിയിലധികമാണ് സർക്കാർ ചെലവഴിക്കുന്നത്.

പശുക്കളെയും കാളകളെയും എരുമകളെയും കശാപ്പ് ചെയ്യുന്നത് ഉത്തർപ്രദേശിൽ ശിക്ഷാർഹമാണ്. അതിനാൽ കർഷകർ പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നത് ഒഴിവാക്കാൻ തെരുവിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഇവ മിക്കപ്പോഴും വയലുകളിലും കൃഷിസ്ഥലങ്ങളിലും കയറി കൃഷി നശിപ്പിക്കുന്നതും റോഡുകളിൽ ഗതാഗതക്കുരുക്കും അപകടവും സൃഷ്ടിക്കുന്നതും പതിവാണ്. 

Tags:    
News Summary - UP gives more for stray cows' food than pension to elderly, widows: Govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.