യു.പിയിൽ ഗർഭച്ഛിദ്ര സൗകര്യമൊരുക്കും; ജനസംഖ്യ കൂടുന്നത്​ വികസനത്തിന് തടസം -യോഗി ആദിത്യനാഥ്​

ലഖ്​നോ: ജനസംഖ്യ വർധിക്കുന്നത്​ സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസ്സമാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്​ഥാന സർക്കാറിന്‍റെ 2021-2030 വർഷത്തേക്കുള്ള പുതിയ ജനസംഖ്യാ നയം​ പ്രകാ​ശനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും ഗർഭച്ഛിദ്രത്തിന്​ സുരക്ഷിത സംവിധാനം ഏർപ്പെടുത്താനും ശനിയാഴ്ച പുറത്തിറക്കിയ ജനസംഖ്യ നിയന്ത്രണ ബില്ലിന്‍റെ കരടിൽ വ്യവസ്​ഥ ചെയ്യുന്നുണ്ട്​. നവജാതശിശുക്കൾ, കൗമാരക്കാർ, പ്രായമായവർ എന്നിവരെ ഡിജിറ്റൽ ട്രാക്കിങ്​ ചെയ്യുന്നതിനും നിർദ്ദേശമുണ്ട്​.

സംസ്​ഥാനത്തെ ജനനനിരക്ക് 2.7ൽനിന്ന്​ 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറക്കുകയാണ്​ ലക്ഷ്യമെന്ന്​ യോഗി പറഞ്ഞു. 'ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികൾ തമ്മിലുള്ള കാലവ്യത്യാസം വർധിപ്പിക്കണം. ജനസംഖ്യാ വർധനയും ദാരിദ്ര്യവും പരസ്​പര ബന്ധിതമാണ്​. പുതിയ നയത്തിൽ എല്ലാ സമുദായങ്ങളയും പരിഗണിക്കുന്നുണ്ട്​. നയരൂപവത്​കരണത്തിന്​ 2018 മുതൽ സംസ്ഥാന സർക്കാർ പരിശ്രമിക്കുകയായിരുന്നു' -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​കുട്ടികൾ കൂടിയാൽ സർക്കാർ ജോലി കിട്ടില്ല; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ജനസംഖ്യാ നിയന്ത്രണ നിയമ നിർമാണത്തിനുള്ള കരട് ശനിയാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു. വിവാദമായ നിരവധി വ്യവസ്​ഥകളാണ്​ യു.പി ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) ബിൽ 2021 എന്നപേരിലുള്ള കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ദമ്പതികൾക്ക്​ രണ്ട് കുട്ടികൾ മതി എന്നതാണ്​ പുതിയ ബില്ലിൽ അനുശാസിക്കുന്നത്​. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്ക്​ ഏർപ്പെടുത്തും.

ഉത്തർപ്രദേശ് നിയമ കമീഷൻ വെബ്സൈറ്റ് വഴിയാണ് കരട് പുറത്തുവിട്ടത്. ഇതിൽ ഈമാസം19വരെ പൊ തുജനാഭിപ്രായം സ്വീകരിക്കും. ഗസറ്റിൽ വിജ്ഞാപനം ചെയ്താൽ ഒരു വർഷത്തിനകം ബിൽ പ്രാബല്യത്തി ലാകും. ഏറെ വിവാദത്തിന് ഇടയാക്കാവുന്ന ശിപാർശകളാണ് കരടിലുള്ളത്. അസമിലും ലക്ഷദ്വീപിലും കോളിളക്കമുയർത്തിയ നിർദേശങ്ങളാണിവ.

രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നെല്ലാം ഒഴിവാക്കും. സബ്സിഡികൾ ലഭിക്കില്ല. സർക്കാർ ജോലിക്ക് അപേക്ഷിക്കാനാകില്ല. സ്ഥാനക്കയറ്റം ലഭിക്കില്ല. മാതാപിതാക്കളും കുട്ടികളുമടക്കം നാലുപേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ. രണ്ടുകുട്ടി നയം പിന്തുടരാൻ വന്ധ്യംകരണത്തിന് വിധേയമാകുന്നവർക്ക് ആനുകൂല്യമുണ്ടാകും. ഭവനവായ്പ, വെള്ളം, വൈദ്യുതി, വീട്ടുകരം തുടങ്ങിയവക്കും ആനുകൂല്യം നൽകും. ഈ നയം അംഗീകരിക്കുന്ന സർക്കാർ ജീവനക്കാർക്ക് രണ്ട് ഇൻസെന്‍റീവ് നൽകും. മുഴുവൻ ശമ്പളത്തോടു കൂടിയ പ്രസവാവധി ഒരു വർഷമാക്കും. സമാന ആനുകൂല്യങ്ങളോടെ ഒരു വർഷം നീളുന്ന അവധി പിതാവിനും ലഭിക്കും.

ഒരു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തിയാൽ സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ്സുവരെ ഇൻഷുറൻസും ഉണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒറ്റക്കുട്ടി പ്രവേശനത്തിന് മുൻഗണന നൽകും. സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെയാക്കും. പെൺകുട്ടിയെങ്കിൽ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ് നൽകും. ഇവർക്ക് സർക്കാർ ജോലിയിൽ മുൻഗണനയുണ്ടാകും -ബിൽ നിർദേശിക്കുന്നു.

Tags:    
News Summary - UP CM Yogi Adityanath says increasing population is hurdle in the development; unveils new population policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.