'ബി.ജെ.പിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി? ഇനി ആരെ ബി ടീം, സി ടീം എന്ന് വിളിക്കും?'; അഖിലേഷ് യാദവിനെ വിമർശിച്ച് ഉവൈസി

ഹൈദരാബാദ്: ഉത്തര്‍പ്രദേശിലെ അഅ്സംഗഢ്, റാംപുർ ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തോൽവി ചൂണ്ടിക്കാട്ടി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.പിക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായെന്ന് ഉവൈസി പറഞ്ഞു.

'യു.പി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് സമാജ്‌വാദി പാർട്ടിക്ക് ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയില്ലെന്നാണ്, അവർക്ക് ബൗദ്ധികമായ സത്യസന്ധതയില്ല. ന്യൂനപക്ഷ സമുദായം ഇത്തരം കഴിവുകെട്ട പാർട്ടികൾക്ക് വോട്ട് ചെയ്യരുത്. ബി.ജെ.പിയുടെ വിജയത്തിന് ആരാണ് ഉത്തരവാദി? ഇപ്പോൾ ആരെയാണ് അവർ ബി ടീം, സി ടീം എന്നെല്ലാം വിളിക്കുക?' -ഉവൈസി ചോദിച്ചു.

ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ കോട്ടകളായ ലോക്സഭ മണ്ഡലങ്ങളിലെ തോൽവിയിൽ ഉവൈസി അഖിലേഷിനെ കുറ്റപ്പെടുത്തി. 'അഖിലേഷ് യാദവിന് ധാർഷ്ട്യമാണ്, അദ്ദേഹം ആളുകളെ സന്ദർശിക്കാൻ പോലും തയാറാകുന്നില്ല. തങ്ങളുടേതായ ഒരു രാഷ്ട്രീയ ഐഡന്റിറ്റി ഉണ്ടാക്കാൻ ഞാൻ രാജ്യത്തെ മുസ്ലിംകളോട് അഭ്യർഥിക്കുന്നു' -ഉവൈസി കൂട്ടിച്ചേർത്തു.

അഖിലേഷ് യാദവ് എം.എൽ.എ ആയതിനെ തുടർന്ന് ഒഴിവുവന്ന അഅ്സംഗഢിൽ ബി.ജെ.പിയിലെ ദിനേശ് ലാൽ യാദവ് (നിർഹുവ) 8679 വോട്ടിന് സമാജ്വാദി പാർട്ടി സ്ഥാനാർഥി ധർമേന്ദ്ര യാദവിനെ തോൽപിച്ചപ്പോൾ അഅ്സംഖാൻ രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന റാംപുരിൽ ഘനശ്യാം സിങ് ലോധി മുഹമ്മദ് അസീം രാജയെ 40,000ലേറെ വോട്ടിനാണ് തോൽപിച്ചത്.

Tags:    
News Summary - UP Bypoll Results: Asaduddin Owaisi Targets Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.