ഉന്നാവോ പെൺകുട്ടിക്ക് കനത്ത സുരക്ഷാ ഭീഷണിയെന്ന് സി.ബി.ഐ

ന്യൂഡൽഹി: ഉന്നാവോ കേസിലെ പരാതിക്കാരിയായ പെൺകുട്ടി കനത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. ഇതേതുടർന്ന്, പെൺകുട്ടിയെയും കുടുംബത്തെയും സംസ്ഥാനത്തിനകത്തോ അയൽ സംസ്ഥാനങ്ങളിലേക്കോ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി യു.പി സർക്കാറിനോട് നിർദേശിച്ചു. റായ്ബറേലിയിൽ ജൂലൈയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് പെൺകുട്ടി ചികിത്സയിലാണുള്ളത്.

എ കാറ്റഗറി സുരക്ഷാ ഭീഷണിയാണ് പെൺകുട്ടിക്കുള്ളതെന്നും മതിയായ സുരക്ഷ നൽകണമെന്നും സി.ബി.ഐ അറിയിച്ചു. സുരക്ഷ നൽകുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കോടതി യു.പി സർക്കാറിനോട് നിർദേശിച്ചത്.

ജൂലൈ 28ന് നടന്ന വാഹനാപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയോടൊപ്പം അഭിഭാഷകനും ഗുരുതര പരിക്കേറ്റിരുന്നു. നമ്പർ പ്ലേറ്റിൽ കറുപ്പ് പെയിന്‍റടിച്ച് എത്തിയ ട്രക്കാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ചത്. അപകടം ആസൂത്രിതമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

കോടതി നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉന്നാവോ പീഡനക്കേസ് പ്രതിയും പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ കേസെടുത്തിരുന്നു.

തങ്ങൾക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും കാണിച്ച് പെൺകുട്ടിയുടെ കുടുംബം അപകടത്തിന് മുമ്പ് ജൂലൈ 12ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

Tags:    
News Summary - Unnao Rape Survivor Facing Highest Level Of Threat CBI Tells Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.