ഉന്നാവ് പെണ്‍കുട്ടിക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം; വനിതാ സാമൂഹ്യ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: മുൻ ബി.ജെ.പി നേതാവിന്റെ ലൈംഗികാതിക്രമത്തിനിരയായ ഉന്നാവ് പെണ്‍കുട്ടിക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ച വനിതാ സാമൂഹ്യ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പാർലമെന്റിന് സമീപം ആക്ടിവിസ്റ്റ് യോഗിത ഭയാനയുടെ നേതൃത്വത്തിൽ ആയിരുന്നു കുത്തിയിരിപ്പ് സമരം.  യോഗിത അടക്കം അഞ്ച് വനിതാ സാമൂഹ്യപ്രവര്‍ത്തകർ ‘ജസ്റ്റ്‌സ് ഫോര്‍ ഉന്നാവ് വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. 
വളരെ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റ് പരിസരത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറാറുള്ളത്.  പ്രതിഷേധത്തില്‍നിന്നും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും തങ്ങള്‍ മാറുകയില്ലെന്നും സമരം തുടരുമെന്നുമുള്ള നിലപാടിൽ സാമൂഹ്യപ്രവര്‍ത്തകര്‍ ഉറച്ചുനിന്നു.  ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. ഇതിനു വഴങ്ങാതെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഉന്നാവ് കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അതിനെതിരായാണ് പ്രതിഷേധം. ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ മടിക്കുകയും പെണ്‍കുട്ടിയെ പരാതിയില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളടക്കം നടത്തുകയും ചെയ്തിരുന്നു.


Tags:    
News Summary - Unnao rape case: Delhi police detain activists, Congress leader at protest against Sengar bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.