ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഇറക്കുമതി കുറക്കുന്നതിനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്താൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. നിലവിലെ E20 (20% എഥനോൾ) പരിധിയിൽ നിന്നും ഉയർത്തി E85 വരെയും 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന E100 ഇന്ധനവും വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനമനുസരിച്ച് ഇന്ധനങ്ങളുടെ പേരിൽ തന്നെ മാറ്റം വരും. പെട്രോളിനെ ഇനി E10/E20 എന്നും, ഉയർന്ന അളവിലുള്ളവയെ E85, E100 എന്നും തരംതിരിക്കും. ബയോഡീസൽ അളവിൽ ബി10ൽ (10% ബയോഡീസൽ + 90% പെട്രോളിയം ഡീസൽ) നിന്ന് ബി100 വരെയായി ഉയർത്തും. കൂടാതെ ചില വാഹന വിഭാഗങ്ങളുടെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (GVW) പരിധി 3,000 കിലോയിൽ നിന്ന് 3,500 കിലോ ആയി ഉയർത്തും. ഇതോടൊപ്പം ഹൈഡ്രജൻ ഇന്ധനത്തിന്റെ വർഗ്ഗീകരണം 'ഹൈഡ്രജൻ + സി.എൻ' എന്നതിൽ നിന്നും 'ഹൈഡ്രജൻ + സി.എൻ.ജി' എന്നാക്കി പരിഷ്കരിക്കും.
ഈ മാറ്റം പരിസ്ഥിതിക്ക് ഗുണകരമാണെങ്കിലും സാധാരണക്കാരായ വാഹന ഉപഭോക്താക്കൾക്ക് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. 2023 ഏപ്രിലിന് മുമ്പ് നിർമിച്ച വാഹനങ്ങൾ E20 ഇന്ധനം ഉൾകൊള്ളാൻ പ്രാപ്തമല്ല. ഈ സാഹചര്യത്തിൽ E85 അല്ലെങ്കിൽ E100 ഇന്ധനങ്ങളിൽ വാഹനം പ്രവർത്തിക്കണമെങ്കിൽ എൻജിൻ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. പല കമ്പനികളും ഫ്ളക്സ് ഫ്യൂവൽ എൻജിനുകൾ പുതിയ വാഹങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ വില വർധനവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതലാണ്.
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജ സാന്ദ്രത കുറവായതിനാൽ, ഉയർന്ന എഥനോൾ മിശ്രിതം ഉപയോഗിക്കുമ്പോൾ എൻജിൻ കരുത്തിലും മൈലേജിലും കുറവുണ്ടായേക്കാം. കൂടാതെ എഥനോൾ, ഈർപ്പം വലിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ എൻജിൻ ഭാഗങ്ങളിൽ തുരുമ്പ് പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇതും പഴയ മോഡൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാലം അവസാനിക്കുകയാണെന്നും ബദൽ ഇന്ധനങ്ങളിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഉയർന്ന അളവിൽ എഥനോൾ കലർത്താൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. ബംഗളൂരുവിൽ നടന്ന 'ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് 2025'ൽ സംസാരിച്ച അദ്ദേഹം, ദീർഘകാലാടിസ്ഥാനത്തിൽ ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തിയുണ്ടാകില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.