അമിത്ഷാക്ക് തന്റേടമുണ്ടെങ്കിൽ ആർ.എസ്.എസിനെ നിയന്ത്രിക്കാൻ നോക്കൂ -വെല്ലുവിളിച്ച് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുന്നതുവരെ പാർലമെന്റ് നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനു മുൻപ് സർവകക്ഷി യോഗം വിളിക്കണം. എഫ്.സി.ആർ.എ ബില്ല് നടപ്പാക്കാൻ അനുവദിക്കില്ല. ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അമിത് ഷാക്ക് തന്റേടമുണ്ടെങ്കിൽ ആർ.എസ്.എസിനെ നിയന്ത്രിക്കാൻ നോക്കണമെന്നും കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചു.

‘ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെ അതിക്രമത്തിന് ഉത്തരവിട്ടത് ആരാണ് എന്ന് ആഭ്യന്തര മന്ത്രി സഭയിൽ വന്ന് പറയാതെ പ്രതിപക്ഷം സഹകരിക്കില്ല. അത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇന്ത്യയിലെ വിദ്യാർഥികൾ എല്ലാവരും ആവശ്യപ്പെടുന്നതാണ്. അമിത്ഷാ സഭയിൽ വന്ന് ഈ കാര്യത്തിൽ വിശദീകരണം നൽകുന്നത് വരെ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ല.

ഡീലിമിറ്റേഷന്റെ കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കിരൺ റിജിജുവിനെ വിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ എഫ്സിആർഎ തട്ടിക്കൂട്ടി കൊണ്ടുവരാം എന്ന് വിചാരിച്ചാൽ ആ പൂതി മനസ്സിലിരിക്കത്തേ ഉള്ളൂ എന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കണം’ -അദ്ദേഹം പറഞ്ഞു.

‘ഈ നാട്ടിലെ ന്യൂനപക്ഷങ്ങളെയും മാന്യമായി പ്രവർത്തിക്കുന്ന എൻ.ജി.ഒകളെയും ലക്ഷ്യമിട്ട് എഫ്.സി.ആർ.എ ബില്ല് കൊണ്ടുവന്ന് പാസാക്കാമെന്ന് കരുതേണ്ട. ഇന്നലെ കിരൺ റിജിജു പറഞ്ഞത് സമയമാകുമ്പോൾ അമിത്ഷാ വരും എന്നാണ്. ഇന്ത്യയിലെ വിദ്യാർഥികളുടെ നേരെ പെല്ലറ്റ് ഗണ്ണും ലാത്തി ചാർജും ടിയർ ഗ്യാസും വെച്ച് മർദിക്കാൻ ഉത്തരവിട്ടത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അമിത്ഷാ വരില്ല. എഫ്സിആർഎ ബിൽ അവതരിപ്പിക്കാൻ അമിഷാ വരും എന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയിലെ കോറിഡോറിൽ നിന്ന് പറയുന്നത് കേട്ടത്. ആ പൂതി അമിത്ഷാ മനസ്സിൽ വെച്ചാൽ മതി.

ഈ ജനവിരുദ്ധ ബില്ല് പാസാക്കാൻ അമിത്ഷാ വന്നാലും ശക്തമായ പ്രതിഷേധം പാർലമെന്റിൽ നേരിടേണ്ടി വരും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ ബില്ല് ഭരണഘടനാ വിരുദ്ധവും ജനദ്രോഹപരവുമാണ്. അത്തരമൊരു ബില്ല് പാസാക്കുന്നതിന് അനുവദിക്കില്ല. ഖധഖതന്റേടം ഉണ്ടെങ്കിൽ അമിത്ഷാ ആർഎസ്എസിനെ നിയന്ത്രിക്കാൻ നോക്ക്. അവർ രജിസ്ട്രേഡ് സംഘടന പോലും അല്ല. എന്നിട്ടും എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങുന്നുണ്ട്. വിദേശങ്ങളിൽ നിന്നും എത്രയോ കാശ് വാങ്ങുന്നുണ്ട്. അതിനൊന്നും അന്വേഷണം വേണ്ടേ? രജിസ്ട്രേഡ് ആയിട്ടുള്ള, നിയമപ്രകാരമുള്ള സംഘടനകൾക്ക് എഫ്.സി.ആർ.എ അനുസരിച്ച് പണം കിട്ടുമ്പോൾ അതിനെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ ആ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും വരെ അധികാരം നൽകുന്ന ഈ കരിനിയമം ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. ആ ബിൽ ഈ സമ്മേളനത്തിൽ പാസാക്കാൻ കഴിയില്ല.

ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ കഴുത്തിന് പിടിക്കുന്ന രീതിയിലാണ് ഡീലിമിറ്റേഷൻ ബിൽ. അത് പാസ്സാക്കുമോ, അനുകൂലിക്കുമോ എന്നൊക്കെ ഡി.എം.കെ തീരുമാനിക്കട്ടെ. അതവരുടെ പാർട്ടിയുടെ കാര്യമാണത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും നോർത്ത് ഈസ്റ്റും പഞ്ചാബും ഒഡീഷയും ഒരുപാട് പഠിച്ചിട്ടുള്ളതാണ് ഇത്തരം കാര്യങ്ങളിൽ നിന്നും. ഇന്ത്യയുടെ അഖണ്ഡത ഉറപ്പുവരുത്തേണ്ട ഒരു ഗവൺമെന്റ് ഇത്തരം ഒരു ബില്ലുമായി വരുമെന്ന് ഞാൻ വിചാരിക്കുന്നില്ല’ -കെ.സി. വേണുഗോപാൽ പറഞ്ഞു. 

Tags:    
News Summary - FCRA: KC Venugopal challenges Amit Shah to control RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.