അമൃത്സറിനടുത്തുള്ള അട്ടാരി-വാഗ അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ എത്തിയ പാക് പൗരന്മാരുടെ രേഖകൾ അതിർത്തി രക്ഷ സേന പരിശോധിക്കുന്നു
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ സൈനിക ഓപറേഷനുകളുമായി ബന്ധപ്പെട്ട് തത്സമയ സംപ്രേഷണവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ‘ഉറവിടങ്ങളെ അടിസ്ഥാനമാക്കി’ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കേന്ദ്ര സർക്കാർ വിലക്കി. സുരക്ഷസേനയുടെ ഭീകര വിരുദ്ധ ഓപറേഷന്റെ ലൈവ് കവറേജ് അടങ്ങുന്ന പരിപാടികൾ ആ ഓപറേഷൻ കഴിയുന്നതുവരെ കേബ്ൾ സർവിസ് വഴി നൽകരുതെന്ന് 2021ലെ കേബ്ൾ ടെലിവിഷൻ നെറ്റ്വർക്സ് ഭേദഗതി ചട്ടം പറയുന്നുണ്ടെന്നും ഇത് ലംഘിക്കുന്നത് നടപടി ക്ഷണിച്ചുവരുത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിരോധ വിഷയങ്ങളിൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നൽകുന്ന വിവരങ്ങളിൽ റിപ്പോർട്ട് പരിമിതപ്പെടുത്തണമെന്നും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
അതിവൈകാരികമായ വിഷയങ്ങളും അപക്വമായ വെളിപ്പെടുത്തലും വിപരീത ഫലമുളവാക്കുമെന്നും പ്രതിരോധ ഓപറേഷന്റെ ഫലപ്രാപ്തിയെയും വ്യക്തികളുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്നും ഇതുസംബന്ധിച്ചുള്ള നിർദേശത്തിൽ വ്യക്തമാക്കി. രാജ്യരക്ഷയുമായും മറ്റു സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വാർത്ത ഏജൻസികളും സമൂഹ മാധ്യമ ഉപയോക്താക്കളും അങ്ങേയറ്റം ഉത്തരവാദിത്തത്തോടും നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് രാജ്യതാൽപര്യം മുൻനിർത്തിയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. രാജ്യസുരക്ഷ കാക്കുന്നതിൽ മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വ്യക്തികളും നിർണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ യോജിച്ച പ്രവർത്തനങ്ങൾ സേനയുടെ മുന്നോട്ടുപോകുന്ന ഓപറേഷനുകളെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലാകരുത്.
കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാർ വിമാന റാഞ്ചൽ തുടങ്ങിയ കഴിഞ്ഞകാല സംഭവങ്ങളിൽ നിയന്ത്രണമില്ലാത്ത റിപ്പോർട്ടിങ് രാജ്യതാൽപര്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയതാണ്. 2021ലെ കേബ്ൾ ടെലിവിഷൻ നെറ്റ്വർക്സ് ഭേദഗതി ചട്ടം 6(1) പാലിക്കാൻ ടി.വി ചാനലുകൾക്ക് നേരത്തേ നിർദേശം നൽകിയതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.