സര്‍ക്കാറിന്‍െറ നീക്കം രാഷ്ട്രീയ അജണ്ടയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് ധിറുതിപിടിച്ച് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതുസംബന്ധിച്ച് നിയമകമീഷന്‍ നല്‍കിയ ചോദ്യാവലിയിലാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഏക സിവില്‍കോഡ് പെട്ടെന്ന് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കത്തെ എതിര്‍ത്തത്.

കോണ്‍ഗ്രസ്, ബി.എസ്.പി, ടി.എം.സി തുടങ്ങിയ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെ പിന്തുണക്കുന്നുണ്ടോ, അല്ളെങ്കില്‍ എതിര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ്, ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നിവ ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചു. എന്‍.സി.പി അനുകൂലമായാണ് പ്രതികരിച്ചത്.

ബി.എസ്.പിയാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. നിയമകമീഷന്‍െറ ചോദ്യാവലിക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ളെന്ന് വ്യക്തമാക്കിയ പാര്‍ട്ടി, ഇതുസംബന്ധിച്ച് ഒക്ടോബര്‍ 24ന് ബി.എസ്.പി അധ്യക്ഷ മായാവതി പുറത്തിറക്കിയ പ്രസ്താവന തന്നെയാണ് മതിയായ മറുപടിയെന്നാണ് പ്രതികരിച്ചത്.

കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ആര്‍.എസ്.എസിന്‍െറ അജണ്ട നടപ്പാക്കാനാണ് നരന്ദ്രേ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബി.എസ്.പി കുറ്റപ്പെടുത്തി. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായമാരായാന്‍ ഒക്ടോബര്‍ ഏഴിനാണ് നിയമകമീഷന്‍ തീരുമാനിച്ചത്. ഡിസംബര്‍ 21 ആയിരുന്നു അവസാന തീയതിയെങ്കിലും ഇപ്പോഴും പ്രതികരണങ്ങള്‍ തുടരുകയാണെന്നും ഇതുവരെ 40,000 പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും കമീഷന്‍ അറിയിച്ചു.

Tags:    
News Summary - uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.