തമിഴ്നാട്ടിൽ അപ്രതീക്ഷിത നീക്കം; വിജയ്‌ക്കെതിരെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യത്തിലേക്കെന്ന് സൂചന!

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾക്ക് സാധ്യത. ചരിത്രത്തിലാദ്യമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും വിജയ്‌ക്കെതിരെ കൈകോർക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് തമിഴ് രാഷ്ട്രീയത്തിലെ ഈ അപ്രതീക്ഷിത നീക്കം.

108 സീറ്റ് നേടി ടി.വി.കെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് വിജയം നേടിയത്. കേവല ഭൂരിപക്ഷമെന്ന 118 സീറ്റുകൾ നേടാൻ 10 സീറ്റുകളുടെ കുറവ് മാത്രമുള്ള ടി.വി.കെക്ക്, കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിൽ കോൺഗ്രസിന് അഞ്ച് സീറ്റുകളാണുള്ളത്. എന്നിരുന്നാലും ഭരണത്തിലെത്താൻ കോൺഗ്രസിന്റെ പിന്തുണ മാത്രം മതിയാവില്ല. വി.സി.കെക്ക് ലഭിച്ച രണ്ട് സീറ്റും സി.പി.എം 2, സി.പി.ഐക്ക് ലഭിച്ച രണ്ട് സീറ്റുകളും കൂടെ ലഭിച്ചാൽ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. ഇതിനിടയിലാണ് ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും ചർച്ചകൾ ആരംഭിക്കുന്നത്.

വിജയ്‌യുടെ കുതിപ്പിനെ തടയാൻ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരാഗ്യം മറന്ന് ഇരു മുന്നണികളും ഒന്നിക്കുമ്പോൾ, 59 സീറ്റുകൾ നേടിയ ഡി.എം.കെയും 47 സീറ്റുകൾ നേടിയ എ.ഐ.എ.ഡി.എം.കെയും കൈകോർത്താൽ അംഗബലം 106 ആകും. എങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ ഇരുമുന്നണികൾക്കും ചെറുകക്ഷികളുടെ കൂടി പിന്തുണ ആവശ്യമാണ്. മുസ്ലിം ലീഗ് നേരത്തെ തന്നെ ഡി.കെ.കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടയിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച വിജയ്ക്ക് തിരിച്ചടി നേടിടേണ്ടി വന്നു. ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 112 എം.എൽ.എമാരുടെ പിന്തുണയുള്ള കത്ത് സമർപ്പിച്ചെങ്കിലും 118 പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി വരാൻ ഗവർണർ നിർദ്ദേശിച്ചതോടെ ടി.വി.കെയുടെ പ്രതീക്ഷകൾ മങ്ങി.

1972ൽ എം.ജി.ആർ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത് മുതൽ തമിഴ്നാട് രാഷ്ട്രീയം ഈ രണ്ട് പാർട്ടികളെയും ആശ്രയിച്ചായിരുന്നു. ഈ ശത്രുത അവസാനിപ്പിച്ച് ഇവർ ഒന്നിക്കുന്നത് തമിഴ് രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിന് വഴിതുറക്കും.

Tags:    
News Summary - Unexpected move in Tamil Nadu DMK and AIADMK hint at alliance against Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.