ചെന്നൈ: തമിഴ്നാട്ടിൽ ധവളപത്രവുമായി ബന്ധപ്പെട്ട് ഡി.എം.കെയും ടി.വി.കെയും തമ്മിൽ പുതിയ രാഷ്ട്രീയ വിവാദം. സംസ്ഥാനത്തെ ധനകാര്യ സ്ഥിതിയെക്കുറിച്ച് ടി.വി.കെയുടെ നേതൃത്വത്തിലുള്ള വിജയ് സർക്കാർ പുറത്തിറക്കിയ ധവളപത്രം 2021ൽ ഡി.എം.കെ തയാറാക്കിയ രേഖയിൽനിന്ന് പകർത്തിയതാണെന്നാണ് ഡി.എം.കെയുടെ ആരോപണം.
ധവളപത്രത്തിലെ നിരവധി ഭാഗങ്ങൾ നേരത്തേ ഡി.എം.കെ സർക്കാർ പുറത്തിറക്കിയ ധനകാര്യ വിശകലന രേഖകളുമായി സാമ്യമുള്ളതാണെന്നും അതിനാൽ പുതിയ സർക്കാറിന്റെ രേഖ സ്വതന്ത്രമായ പഠനത്തിന്റെ ഫലമല്ലെന്നും രാഷ്ട്രീയ പ്രചാരണത്തിനുള്ള പുനരാവിഷ്‍കാരമാണെന്നും ഡി.എം.കെ ആരോപിച്ചു.
വിജയ് സർക്കാറിന്റെ ധവളപത്രം അന്നത്തെ എ.ഐ.എ.ഡി.എം.കെ സർക്കാറിന്റെ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച ഡി.എം.കെയുടെ ധവളപത്രത്തിൽനിന്ന് കടമെടുത്തതാണെന്നും ഡി.എം.കെ പറയുന്നു. പദാനുപദ ഖണ്ഡികകളും ആവർത്തനങ്ങളും വാചകഘടനകളും അങ്ങനെതന്നെ പകർത്തിയിരിക്കുകയാണെന്നും അവർ അവകാശപ്പെട്ടു. ടി.വി.കെ സർക്കാർ തങ്ങളുടെ ‘ഭരണ പരാജയങ്ങളും, നടപ്പാക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും’ മറയ്ക്കാൻ ഈ രേഖ ഉപയോഗിക്കുന്നുവെന്നും ഡി.എം.കെ ആരോപിച്ചു.
അതേസമയം, ടി.വി.കെ സർക്കാർ ആരോപണം തള്ളിക്കളഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കണക്കുകൾ ഔദ്യോഗിക രേഖകളെയും പൊതുവായ ധനകാര്യ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ധവളപത്രം സ്വതന്ത്രമായ വിലയിരുത്തലാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ജൂൺ 16ന് പുറത്തിറക്കിയ ധവളപത്രത്തിൽ തമിഴ്നാട്ടിന്റെ മൊത്തം കടബാധ്യത ഏകദേശം 13.18 ലക്ഷം കോടി രൂപയായി ഉയർന്നതായും, ആളൊന്നിന് കടബാധ്യത 1.28 ലക്ഷം രൂപ കടന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കുന്നത്.
തമിഴ്‌നാടിന്റെ നേരിട്ടുള്ള കടം അഞ്ച് വർഷം മുമ്പുണ്ടായിരുന്ന ഏകദേശം 4.8 ലക്ഷം കോടി രൂപയിൽ നിന്ന് നിലവിൽ ഏകദേശം 10 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. ബജറ്റിന് പുറത്തുള്ള വായ്പകൾ, ഗ്യാരണ്ടികൾ, മറ്റ് ബാധ്യതകൾ എന്നിവ പരിശോധിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയായി ഉയർന്നതായും ധവളപത്രത്തിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുമിഞ്ഞുകൂടിയ കടം കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ കൂടിയ മൊത്തം കടത്തേക്കാൾ കൂടുതലാണെന്നും ടി.വി.കെ സർക്കാർ പറയുന്നു. വായ്പകളുടെ ഒരു പ്രധാന ഭാഗം ദീർഘകാല അടിസ്ഥാന സൗകര്യ ആസ്തികൾക്കായി ചെലവഴിക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിച്ചതെന്നും ധവളപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.