ബംഗാളിൽ കനത്ത മഴയ്ക്കിടയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 25 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട യാത്രാബസ്സും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത 27ലെ ഉള്ളാദാബ്രി മേഖലയിലാണ് ദുരന്തം സംഭവിച്ചത്.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴ പെയ്തതിനെ തുടർന്ന് റോഡ് വഴുക്കലായതാകാം നിയന്ത്രണം വിട്ട് വണ്ടി ഇടിക്കാൻ കാരണമായതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എങ്കിലും അപകടത്തിന് പിന്നിൽ മറ്റ് അശ്രദ്ധകൾ ഉണ്ടോ എന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും, നിസ്സാര പരിക്കുകളുള്ളവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി സോഷ്യൽ മീഡിയയിൽ കുറിച്ചു. വടക്കൻ ബംഗാൾ വികസന മന്ത്രി നിസിത് പ്രമാണിക്, ഗതാഗത സഹമന്ത്രി ആനന്ദമയി ബർമൻ എന്നിവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതല നൽകിയിട്ടുണ്ട്. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഭരണകൂടം ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Bus and truck collide in Bengal amid heavy rains; one dead, 25 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.