ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകരോട് ക്ഷുഭിതനായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിലെ സങ്കൽപ്പ സമവേശ പരിപാടിക്കിടെയായിരുന്നു സംഭവം.
മല്ലികാർജുൻ ഖാർഗെ പ്രസംഗിക്കാൻ ഒരുങ്ങുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് ‘ഡി.കെ, ഡി.കെ’ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുകയും പ്രവർത്തകരെ ശാസിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. ഖാർഗെ പ്രസംഗിക്കാൻ തുടങ്ങുന്നതിനിടെ പ്രവർത്തകർ ഡി.കെ അനുകൂല മുദ്രാവാക്യം വിളിക്കുന്നതും ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
പ്രസംഗം തടസപ്പെടുത്തിയതിന് പിന്നാലെ, പ്രവർത്തകരെ ഖാർഗെ ശാസിക്കുകയും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘നിങ്ങൾ ഇവിടെ ശബ്ദമുണ്ടാക്കിയാൽ രാജ്യം മുഴുവൻ കേൾക്കുമോ? ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല. പാർട്ടി പരിപാടിയാണ്. യൂസ്ലെസ് ഫെലോസ്... ഇവിടെ വ്യക്തികളെ ആരാധിക്കുന്നില്ല. നമ്മളെയെല്ലാം ഒരുമിച്ച് ചേർക്കുന്ന പാർട്ടി പരിപാടിക്കാണ് നമ്മൾ ഇവിടെ ഒത്തുചേർന്നത്. എനിക്ക് 58 വർഷത്തെ രാഷ്ട്രീയ പരിചയമുണ്ട്. നിരവധി നേതാക്കൾ ഇവിടെയെത്തിയിട്ടുണ്ട്. പാർട്ടിക്ക് അവർ നൽകിയ സംഭാവന ചെറുതാണെങ്കിലും, പാർട്ടി അവർക്ക് വളരെ വലിയ സംഭാവന നൽകിയിട്ടുണ്ട്. ഇവിടെ ആര് ശബ്ദമുണ്ടാക്കിയാലും ദൃശ്യങ്ങൾ ഉണ്ടാകും, ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അച്ചടക്ക നടപടി സ്വീകരിക്കും’ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജൂൺ നാലിനാണ് ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ഡി.കെ കർണാടകയിൽ അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.