ഇസ്ലാമാബാദ്: സിന്ധു നദിജല കരാറിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ ഇന്ത്യക്കെതിരെ കടുത്ത സൈനിക മുന്നറിയിപ്പുമായി പാകിസ്താൻ. തങ്ങളുടെ രാജ്യസുരക്ഷക്കും ജലസുരക്ഷക്കും ഭീഷണിയുണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് മുതിരുമെന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയത്.
പാകിസ്താന്റെ എ.ആർ.വൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ കടുത്ത പ്രതികരണം. "നമ്മുടെ ദേശീയ സുരക്ഷ ഭീഷണിയിലാണെന്ന് തോന്നുന്ന നിമിഷം, നമ്മൾ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കും. ജലസുരക്ഷ എന്നത് നമ്മുടെ ദേശീയ സുരക്ഷയുടെ പ്രധാന ഭാഗമാണ്. ഭീഷണി നേരിടുന്ന നിമിഷം, നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങും. തീർച്ചയായും. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ജലവിതരണം തടസ്സപ്പെടുത്തുന്നതിലേക്ക് ഇന്ത്യ "അപകടകരമായ വേഗതയിൽ" നീങ്ങുന്നുണ്ടെന്ന് തെളിവുകൾ കണ്ടെത്തിയാൽ പാകിസതാൻ യുദ്ധത്തിലേക്ക് പോകുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജലത്തെ ആയുധമാക്കുകയും, ചെനാബ് നദിയുടെ ഒഴുക്കിൽ കൃത്രിമം കാണിക്കുകയും, ജലശാസ്ത്ര ഡാറ്റ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുവെന്നും ആസിഫ് ആരോപിച്ചു.
2028 ജൂണോടെ പാകിസ്താനിലേക്കുള്ള സിന്ധു നദീജലം പൂർണ്ണമായും തടയാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കേന്ദ്ര ജലവൈദ്യുതി മന്ത്രി സി.ആർ. പാട്ടീലിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പാകിസ്താൻ്റെ ഈ പുതിയ നീക്കം.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ 1960-ലെ സിന്ധു നദി ജലക്കരാർ നിർത്തിവെച്ചത്. പാകിസ്താൻ ഭീകരവാദത്തിന് ധനസഹായം നൽകുന്നത് പൂർണ്ണമായി നിർത്തുന്നത് വരെ ഈ തീരുമാനം തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിൽ സിന്ധു നദീതടത്തിലെ 80 ശതമാനത്തോളം ജലത്തെ ആശ്രയിച്ചാണ് പാകിസ്താന്റെ കൃഷിയും സമ്പദ്‌വ്യവസ്ഥയും മുന്നോട്ട് പോകുന്നത് എന്നതിനാൽ ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ത്യ ജലത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് പാകിസ്താൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാർ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്ക് കത്തയച്ചിട്ടുണ്ട്. ചെനാബ് നദിയിൽ ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് പാകിസ്താൻ്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.