യു.പി ജയിലിൽ നിന്നും വിചാരണ തടവുകാരെ വിട്ട സംഭവം; ഗുരുതര വീഴ്ചയെന്ന് മുംബൈ കോടതി

മുംബൈ: യു.പിയിലെ ബാണ്ഡ ജില്ലയിൽ നിന്നും വിചാരണ തടവുകാരെ വിട്ടയച്ച സംഭവത്തിൽ ജയിൽ ഐ.ജിയോട് വിശദീകരണം തേടി മുംബൈ കോടതി. വകുപ്പുതല അന്വേഷണം നടത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യം. മുംബൈയിലെ കോടതിയിൽ നേരിട്ടോ വിഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാക്കാൻ ആവശ്യപ്പെട്ട പ്രതികളെയാണ് വിട്ടയച്ചതെന്ന് ജഡ്ജി ബി.ഡി ഷെൽക അറിയിച്ചു.

വിട്ടയച്ച മൂന്ന് പേർക്കെതിരെ മുംബൈയിൽ മക്കോക നിയമപ്രകാരം കേസുണ്ട്. കേസിൽ ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇവരെ വിട്ടയച്ചത്. പ്രതികളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും മുംബൈ കോടതി രണ്ട് ഉത്തരവുകൾ പുറത്തിറക്കിയിരുന്നു.

മുഹമ്മദ് സൽമാൻ, സഞ്ജയ് സൂര്യകാന്ത് ശുക്ല, വാജിദ് അലി ഫായിസ് അലി ഷാ, അമീർ റഫീഖ് ഷെയ്ഖ് എന്നിവരെയാണ് മുംബൈ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞത്. എന്നാൽ, ജയിൽ സൂപ്രണ്ട് എല്ലാ തടവുകാരേയും കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

അമീർ റഫീഖ് ഷേയ്കിനെ ജൂൺ 16 ഹാജരാക്കിയെങ്കിലും മറ്റ് മൂന്ന് പേരും കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി ജാമ്യത്തിൽ പുറത്തിറങ്ങിയെന്ന് പൊലീസ് സുപ്രണ്ട് വ്യക്തമാക്കി. മക്കോക്ക നിയമത്തെ കുറിച്ച് സൂപ്രണ്ടിന് അറിവുണ്ടായിരുന്നുവെന്നും എന്നിട്ടും മൂന്ന് പ്രതികളെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ ജയിൽ ഐ.ജിയോട് റിപ്പോർട്ട് തേടിയത്.

Tags:    
News Summary - Undertrial prisoners released from UP jail, Mumbai court orders inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.