ഉമർ ഖാലിദ്
ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കാളിയായതിന് ഡൽഹി കലാപത്തിന്റെ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. ജനുവരി അഞ്ചിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിയിൽ വാക്കാലുള്ള വാദം കേൾക്കണമെന്ന ഉമർ ഖാലിദിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ഹരജികൾ തള്ളിയ സുപ്രീം കോടതി, കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഉമർ ഖാലിദിനും ശർജീൽ ഇമാമിനും എതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നുമാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് അന്ന് നിരീക്ഷിച്ചത്.
വിചാരണയുടെ ഘട്ടത്തിൽ ഇരുവരെയും ജാമ്യത്തിൽ വിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ ജനുവരിയിലെ ഉത്തരവിനുശേഷം ഒരുവർഷം തികയുമ്പോഴോ ഇവർക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും ജനുവരി അഞ്ചിലെ ഉത്തരവിൽ പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹരജിയാണ് തള്ളിയത്. ഇതോടെ ഉമർ ഖാലിദിന്റെ അനന്തമായ ജയിൽവാസം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.