മണിപ്പൂരിലെ തർക്ക ഭൂമി മ്യാൻമറിന് കൈമാറുമോ? വാർത്തകളോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മണിപ്പൂർ അതിർത്തിയിലെ പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്ന ഭൂപ്രദേശങ്ങൾ ഇന്ത്യയും മ്യാന്മറും തമ്മിൽ  പരസ്പരം കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ന്യൂഡൽഹിയിൽ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ തർക്ക ഭൂമികളിൽ ചർച്ച നടക്കുന്നതായി അറിയിച്ചു. മണിപ്പൂർ അതിർത്തിയിൽ ഇന്ത്യ മ്യാന്മറുമായി ഭൂമി കൈമാറാൻ ആലോചിക്കുന്നുവെന്ന മാധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ഭൂമി കൈമാറുന്നെന്ന വാർത്ത അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.

യു.എസ് ആസ്ഥാനമായുള്ള 'ദി ഡിപ്ലോമാറ്റ്' മാഗസിൻ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് രൺധീർ ജൈസ്വാളിന്‍റെ  പ്രതികരണം. ഏകദേശം 1.4 ചതുരശ്ര മൈൽ ഭൂപ്രദേശം പരസ്പരം കൈമാറി മണിപ്പൂർ-മ്യാന്മർ അതിർത്തിയിലെ 65, 68 എന്നീ അതിർത്തി സ്തംഭങ്ങൾക്കിടയിലുള്ള അതിർത്തി നിർണയം പൂർത്തിയാക്കാൻ ഇന്ത്യൻ സർക്കാർ ആലോചിക്കുന്നതായാണ് ജൂലൈ17ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. 65 ഉം 68 ഉം പില്ലറുകൾ തമ്മിലുള്ള ദൂരം ഏകദേശം 2.8 കിലോമീറ്ററാണ്.

തർക്കവും ഭൂമി കൈമാറ്റവും

കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശം മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ്. ഇത് മ്യാന്മറിലെ സഗെയ്ങ് മേഖലയിലുള്ള കബാവ് താഴ്‌വരയോട് ചേർന്നു കിടക്കുന്നു.മെയ് 26ലെ ഔദ്യോഗിക രേഖ പ്രകാരം, അതിർത്തി നിർണയ നടപടികൾ  ആഗസ്റ്റോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇന്ത്യയും മ്യാന്മറും തമ്മിൽ 1,643 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയാണുള്ളത്. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവയിലൂടെ കടന്നുപോകുന്ന ഈ അതിർത്തി മ്യാന്മറിന്‍റെ സഗെയ്ങ് മേഖലയിലും ചിൻ സംസ്ഥാനത്തുമാണ് അവസാനിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, ഏകദേശം 1,472 കിലോമീറ്റർ അതിർത്തി പില്ലറുകൾ സ്ഥാപിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏകദേശം 171 കിലോമീറ്റർ ഭാഗം ഇനിയും തർക്കപരിഹാരം കാണാതെ കിടക്കുന്നുണ്ട്. ഇത് പ്രധാനമായും അരുണാചൽ പ്രദേശിലെ ലോഹിത് സെക്ടറിലും മണിപ്പൂരിലെ കബാവ് താഴ്‌വരയിലുമാണ്.

അതിർത്തിയിലെ തർക്കമുള്ള ഭാഗങ്ങളുടെ അതിർത്തി നിർണയം വേഗത്തിലാക്കുക എന്നതാണ് ഈ ഭൂപ്രദേശ കൈമാറ്റത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് 'ദി ഡിപ്ലോമാറ്റ്' റിപ്പോർട്ട് ചെയ്തത്. ഇത് യാഥാർഥ്യമായാൽ അനധികൃത കുടിയേറ്റം, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, മറ്റ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ ഇന്ത്യക്ക് അതിർത്തിയിൽ വേലി നിർമിക്കാൻ സാധിക്കും.

2024ൽ, 1,643 കിലോമീറ്റർ വരുന്ന മുഴുവൻ അന്താരാഷ്ട്ര അതിർത്തിയിലും വേലി നിർമിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2018 മുതൽ നിലവിലുണ്ടായിരുന്ന 'ഫ്രീ മൂവ്‌മെന്റ് റെജീം' റദ്ദാക്കാനും തീരുമാനിച്ചു. ഈ സംവിധാനപ്രകാരം അതിർത്തിക്കടുത്തുള്ള ഗോത്രവർഗക്കാർക്ക് വിസയോ ബോർഡർ പാസോ ഇല്ലാതെ പരസ്പരം 16 കിലോമീറ്റർ വരെ അതിർത്തി കടക്കാൻ അനുവാദമുണ്ടായിരുന്നു.1967 ലെ ഉഭയകക്ഷി കരാർ പ്രകാരമാണ് നിലവിലെ ഇന്ത്യ-മ്യാന്മർ അതിർത്തി നിർവചിക്കപ്പെട്ടിരിക്കുന്നത്. മ്യാന്മർ നേതാവ് മിൻ ആങ് ഹ്ലൈങ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്ന്  'ദി ഡിപ്ലോമാറ്റ്' റിപ്പോർട്ട് ചെയ്തിരുന്നു.

മണിപ്പൂരിൽ ശക്തമായ പ്രതിഷേധം

ഭൂപ്രദേശ കൈമാറ്റ വാർത്ത മണിപ്പൂരിൽ ഇതിനകം തന്നെ കടുത്ത എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്. മാഗസിൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, മണിപ്പൂരിന്‍റെ ഒരു ചെറിയ ഭാഗം പോലും മ്യാന്മറിന് വിട്ടുകൊടുത്താൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് 'കോർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി'  ഇന്ത്യ മുന്നറിയിപ്പ് നൽകി.

1949-ൽ ഇന്ത്യൻ യൂനിയനുമായി ലയിച്ചതിനുശേഷവും മണിപ്പൂരിന് അതിന്‍റെ ചരിത്രപരമായ പല പ്രദേശങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും, ഇനി ഭൂമി കുറയുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്. ജനങ്ങളുടെ സമ്മതമില്ലാതെ മണിപ്പൂരിന്‍റെ ഭൂമി സംബന്ധിച്ച് യാതൊരു തീരുമാനവും എടുക്കരുതെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Tags:    
News Summary - myanmar india land hand over in manipoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.