തോട്ടിപ്പണിക്കിടെ മരണമില്ലെന്ന് കേന്ദ്രത്തിന്റെ 'നിർവചനം'; അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ പൊലിഞ്ഞത് നാനൂറോളം ജീവനുകളെന്ന് മന്ത്രി

ന്യൂഡൽഹി: ഏഴര വർഷത്തിനിടെ ഇന്ത്യയിലുടനീളം അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ 498 തൊഴിലാളികൾ മരിച്ചതായി കേന്ദ്ര സർക്കാർ. എന്നാൽ ഈ മരണങ്ങളൊന്നും തന്നെ തോട്ടിപ്പണി മൂലമുള്ള മരണമായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ കൂട്ടിചേർത്തു.

2019 ജനുവരി ഒന്നിനും 2026 ജൂൺ മുപ്പതിനും ഇടയിൽ 498 തൊഴിലാളികളാണ് അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടതെന്ന് സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെയാണ് കണക്കുകൾ നൽകിയത്.

2019ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ വർഷം മാത്രം 132 തൊഴിലാളികളാണ് മരിച്ചത് . 2020 ൽ 34 മരണങ്ങളും 2021 ൽ 62 ഉം 2022 ൽ 88 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ 65 ഉം 2024 ൽ 47 മായിരുന്നു എണ്ണം. 2026 ലെ ആദ്യ മാസങ്ങളിൽ പതിനാറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 498 ആയി. എന്നാൽ ഈ കണക്കുകൽ പുറത്തുവന്നിട്ടും തോട്ടിപ്പണിമൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇതിന് കാരണം സർക്കാർ ഉപയോഗിക്കുന്ന നിർവചനം വ്യത്യാസമാണെന്നാണ് വ്യക്തമാകുന്നത്.

നിയമപരമായി മനുഷ്യ വിസർജ്യം പൂർണമായി അഴുകുന്നതിന് മുമ്പ് ശൗചാലയങ്ങൾ, തുറന്ന ചാലുകൾ, കുഴികൾ, റെയിൽവേ ട്രാക്കുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് കൈകൊണ്ട് നീക്കം ചെയ്യുന്നതാണ് മാനുവൽ സ്കാവഞ്ചിങ് അഥവാ തോട്ടിപ്പണി എന്ന് പറയുന്നത്.

അതേസമയം, ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും യന്ത്രങ്ങളും മുൻകരുതലുകളും ഇല്ലാതെ അഴുക്ക്ചാലുകൾ വൃത്തിയാക്കുന്നത് അപകടകരമായ ശുചീകരണ ജോലി എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 498 മരണങ്ങളും ഈ വിഭാഗത്തിലാണ് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.

2024-25 കാലയളവിൽ രാജ്യത്തെ എല്ലാ ജില്ലകളിലും നടത്തിയ സർവേയിൽ മാനുവൽ സ്കാവഞ്ചിങ് ചെയ്യുന്ന ഒരാളെയും കണ്ടെത്തിയില്ലെന്ന് കേന്ദ്രം അറിയിച്ചു. തുടർന്ന് എല്ലാ ജില്ലകളും മാനുവൽ സ്കാവഞ്ചിങ് വിമുക്തമായി പ്രഖ്യാപിച്ചതായും വ്യക്തമാക്കി. എന്നാൽ 2013, 2018 വർഷങ്ങളിൽ നടത്തിയ സർവേകളിൽ 17 സംസ്ഥാനങ്ങളിലായി 58,098 ഇത്തരം തൊഴിലാളികളെ കണ്ടെത്തിയിരുന്നു. അന്ന് ഏറ്റവും കൂടുതൽ പേരെ കണ്ടെത്തിയത് ഉത്തർപ്രദേശിലായിരുന്നു. 32,473 പേരാണ് ഇവിടെയുള്ളത്. മഹാരാഷ്ട്രയിൽ 6,325 പേരും ഉത്തരാഖണ്ഡിൽ 4,988 പേരും അസമിൽ 3,921 പേരുമാണ് ഉള്ളത്. അഴുക്ക്ചാൽ വൃത്തിയാക്കുന്നതിനിടെ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാര വിവരങ്ങളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധിക്ക് ശേഷം നഷ്ടപരിഹാര തുക 10 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. 498 കേസുകളിൽ, 345 കേസുകളിൽ 10 ലക്ഷം രൂപ പൂർണമായി നൽകി. 75 കേസുകളിൽ 30 ലക്ഷം രൂപ പൂർണമായും 22 കേസുകളിൽ ഭാഗികമായും നൽകി. 56 കേസുകളിൽ നഷ്ടപരിഹാരം നൽകിയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതോടെ 78 കേസുകളിലെ നഷ്ടപരിഹാര വിവരങ്ങൾ പൂർണമായി വ്യക്തമല്ല.

2025 ൽ റിപ്പോർട്ട് ചെയ്ത 47 മരണങ്ങളിൽ 20 കേസുകളിലും 2026 ലുണ്ടായ 16 മരണങ്ങളിൽ 10 കേസുകളിലും നഷ്ടപരിഹാര സ്ഥിതി സ്ഥിരീകരിച്ചിട്ടില്ല.

അഴുക്ക്ചാൽ ശുചീകരണം സുരക്ഷിതവും യന്ത്രവൽകൃതമാക്കുന്നതിനായും കേന്ദ്രം നടപ്പാക്കുന്ന നമസ്തേ പദ്ധതിയുടെ ഭാഗമായി 89,915 തൊഴിലാളികളെ ഉൾപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. പദ്ധതിയിലൂടെ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ, പരിശീലനം, ആരോഗ്യ ഇൻഷുറൻസ്, യന്ത്രവൽകൃത ശുചീകരണ സംവിധാനങ്ങൾക്ക് സാമ്പത്തിക സഹായം എന്നിവ നൽകുന്നുണ്ട്. എന്നാൽ അഴുക്ക്ചാൽ ശുചീകരണം പൂർണമായും യന്ത്രവൽകരിക്കുന്നതിനുള്ള സമയപരിധിയോ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള കൃത്യമായ പദ്ധതിയോ മറ്റോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - തോട്ടിപ്പണി മരണമില്ലെന്ന് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.