ചെന്നൈ: ഡി.എം.കെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ എം.എൽ.എമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവൻ എന്ന നിലയിൽ, ഉദയനിധി തന്നെ പ്രതിപക്ഷ നേതാവാകും. കെ.എൻ നെഹ്റു ഉപനേതാവും എ.വി വേലു ചീഫ് വിപ്പുമായിരിക്കും.
ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉദയനിധി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.കെക്ക് 59 എം.എൽ.എമാരാണുള്ളത്. 35 ഡി.എം.കെ മന്ത്രിമാരിൽ 15 പേരും തോറ്റിരുന്നു. ഉദയനിധി സ്റ്റാലിൻ ചെന്നൈയിലെ ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്.
അതിനിടെ, മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ ടി.വി.കെ സർക്കാർ തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇന്ന് രാവിലെ പത്തര മണിയോടെയാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘സി. ജോസഫ് വിജയ് എന്റും നാൻ...’ എന്ന സത്യവാചകം ഉച്ചരിച്ചു തുടങ്ങിയതോടെ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിൽനിന്ന് നിർത്താത്ത കരഘോഷങ്ങളും ആർപ്പുവിളികളും.
‘ആണ്ടവൻ മീത് ആൈണ’യിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. സിനിമ സ്റ്റൈലിൽ പഞ്ച് ഡയലോഗുകൾ പറയുന്നതുപോലെ വിജയ് പ്രതിജ്ഞാവാചകം പേപ്പറിൽ നോക്കി വായിക്കാതെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പരമ്പരാഗത വെള്ള ഷർട്ടും വേഷ്ടിയും ധരിക്കാതെ വെളുപ്പും കറുപ്പും നിറത്തിലുള്ള സ്യൂട്ടും കോട്ടും ധരിച്ച് സ്റ്റൈലിഷായി ‘ജെൻ സീ’ മുഖ്യമന്ത്രിയായാണ് വിജയ് എത്തിയത്.
ടി.വി.കെ നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, ഡോ. കെ.ജി. അരുൺരാജ്, കെ.എ. ശെങ്കോട്ടയൻ, പി. വെങ്കട്ടരമണൻ, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, ഡോ. ടി.കെ. പ്രഭു, എസ്. കീർത്തന എന്നീ ഒമ്പത് പേരാണ് വിജയ്ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 29കാരിയായ ശിവകാശി എം.എൽ.എ എസ്. കീർത്തനയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.
കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എം.പിയും വിജയിയുടെ മാതാപിതാക്കളായ സംവിധായകൻ എസ്.എ. ചന്ദ്രശേഖർ-ശോഭ ദമ്പതികളും നടി തൃഷ കൃഷ്ണൻ ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും മുൻനിരയിലുണ്ടായിരുന്നു. ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, നാം തമിഴർ കക്ഷി നേതാവ് സീമാൻ എന്നിവർ പങ്കെടുത്തില്ല. വിജയ്ക്ക് പിന്തുണ നൽകുന്ന വി.സി.കെയുടെ നേതാവ് ടി. തിരുമാവളവന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
അയ്യായിരത്തോളം വിശിഷ്ടാതിഥികളും സ്റ്റേഡിയം പവിലിയനുകളിൽ ആയിരക്കണക്കിന് ടി.വി.കെ പ്രവർത്തകരുമായി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ചടങ്ങിൽ വന്ദേമാതരം, ദേശീയഗാനം, സംസ്ഥാന ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലാപനത്തിനുശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം അതേവേദിയിൽ പ്രസംഗിച്ച വിജയ് രാഹുൽ ഗാന്ധിയെ ‘ബ്രദർ’ എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്തത്.
ചടങ്ങിനിടെ വിജയ് തന്റെ മൊബൈൽഫോണെടുത്ത് സെൽഫി വിഡിയോ എടുത്തതും ശ്രദ്ധേയമായി. കോൺഗ്രസിൽനിന്ന് ആരും സത്യപ്രതിജ്ഞ ചെയ്തില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപവത്കരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം സെന്റ്ജോർജ് കോട്ടയിലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി കസേരയിൽ ഉപവിഷ്ടനായി. ഉന്നത ഉദ്യോഗസ്ഥർ ബൊക്കെകൾ നൽകി വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.