വ്യാജ പാഠപുസ്തകങ്ങൾ പ്രചരിക്കുന്നു; ഔദ്യോഗിക ഉറവിടങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കൗൺസിൽ രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പാഠപുസ്തകങ്ങളുടെ അനധികൃതവും വ്യാജവുമായ പകർപ്പുകൾ വിപണിയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എൻ.സി.ഇ.ആർ.ടിയുടെ ഔദ്യോഗിക പ്രതികരണം.

എൻ.സി.ഇ.ആർ.ടിയുടെ ഔദ്യോഗിക അനുമതിയില്ലാതെ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതും ഡിജിറ്റൽ രൂപത്തിൽ പ്രചരിപ്പിക്കുന്നതും വലിയൊരു നിയമലംഘനമാണ്. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പുതന്നെ പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ ലഭ്യമാണെന്ന് അവകാശപ്പെടുന്ന ചില ഗ്രൂപ്പുകളും വെബ്‌സൈറ്റുകളും സജീവമാണെന്ന് എൻ.സി.ഇ.ആർ.ടി ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകമായ Understanding Society: India & Beyond (Part 1) ന്റെ വ്യാജപ്പതിപ്പ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അനധികൃതമായി ലഭിക്കുന്ന ഇത്തരം പുസ്തകങ്ങളിൽ തെറ്റായ വിവരങ്ങളോ, ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളോ, മാറ്റം വരുത്തിയ ഉള്ളടക്കമോ, പൂർണ്ണമായും കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഭാഗങ്ങളോ ഉൾപ്പെടാൻ വലിയ സാധ്യതയുണ്ട്. ഇത് വിദ്യാർഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും.

എൻ.സി.ഇ.ആർ.ടിയുടെ പകർപ്പവകാശമുള്ള വസ്തുക്കൾ അനുമതിയില്ലാതെ കോപ്പി ചെയ്യുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും 1957ലെ പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വ്യാജ പതിപ്പുകൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. പാഠപുസ്തകങ്ങൾ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് ഏതെങ്കിലും രൂപത്തിൽ പ്രചരിക്കുന്നവയെ ഒരിക്കലും വിശ്വസിക്കരുത്. ഡിജിറ്റൽ പാഠപുസ്തകങ്ങൾക്കായി എൻ.സി.ഇ.ആർ.ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും (https://ncert.nic.in/textbook.php), e-Pathshala പോർട്ടലോ ആപ്പോ മാത്രമേ ഉപയോഗിക്കാവൂ.

പാഠപുസ്തകങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന അജ്ഞാതമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വാട്സാപ്പ് ഗ്രൂപ്പുകൾ, മറ്റ് വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മാറിനിൽക്കുക. ഇത്തരം ലിങ്കുകൾ സബ്‌സ്‌ക്രൈബ് ചെയ്യുകയോ അവയിലൂടെ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

ഇത്തരം വ്യാജ പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ എൻ.സി.ഇ.ആർ.ടിയെ secy.ncert@nic.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താൻ ഇത്തരം വ്യാജ പതിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം പാഠപുസ്തകങ്ങൾ സ്വന്തമാക്കണമെന്നും എൻ.സി.ഇ.ആർ.ടി ആവർത്തിച്ച് പറയുന്നു.

Tags:    
News Summary - NCERT Warns Against Fake Textbooks Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.