'ഉദ്ധവ് ബി.ജെ.പിയുമായി സഖ്യത്തിന് തയാറായിരുന്നു, പക്ഷേ...'; വെളിപ്പെടുത്തലുമായി ഷിൻഡെ വിഭാഗം എം.എൽ.എ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാർ നിലംപൊത്തിയിട്ട് ഒരുമാസം പിന്നിടുമ്പോഴും ആരോപണ, പ്രത്യാരോപണങ്ങൾ അവസാനിച്ചിട്ടില്ല. ഉദ്ധവ് പക്ഷവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. മന്ത്രിസഭ വികസന ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ഷിൻഡെ വിഭാഗത്തിലെ എം.എൽ.എ രംഗത്തുവന്നിരിക്കുന്നത്.

ബി.ജെ.പിയുമായുള്ള ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഉദ്ധവ് താക്കറെ തയാറായിരുന്നെന്ന് എം.എൽ.എയായ ദീപക് കേസർകാർ പറഞ്ഞതായി പ്രമുഖ വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 'ഷിൻഡെ വിഭാഗത്തോടൊപ്പം ഞാൻ അസ്സമിലേക്ക് പോയപ്പോൾ, ഉദ്ധവ് താക്കറെക്കും ബി.ജെ.പിക്കും ഇടയിൽ ചർച്ച നടത്തിയ ഒരാളെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ഉദ്ധവ് സാഹിബിനെ കാണാൻ ഞാൻ അയച്ചു. ഇതുവരെ സംഭവിച്ചത് മറക്കാമെന്നും ഒരുമിക്കാൻ സമയമുണ്ടെന്നുമാണ് അപ്പോഴും ഉദ്ധവ് പറഞ്ഞത്. നിങ്ങൾ (ബി.ജെ.പി) ഷിൻഡെയെ പുറത്താക്കിയാൽ ഞങ്ങൾ (ഉദ്ധവ്) സഖ്യത്തിന് തയാറാണ്' -എം.എൽ.എ പറഞ്ഞു.

എന്നാൽ ഈ നിർദേശം മറ്റു എം.എൽ.എമാർക്കും ബി.ജെ.പിക്കും സ്വീകാര്യമായിരുന്നില്ലെന്ന് ദീപക് കൂട്ടിച്ചേർത്തു. ഷിൻഡെക്കൊപ്പം ചേർന്ന ശിവസേന എം.എൽ.എമാർ ആദ്യം പോയത് ഗുജറാത്തിലെ സൂറത്തിലേക്കായിരുന്നു. പിന്നീട് അസ്സമിലെ ഗുവാഹത്തിയിലേക്കും ഗോവയിലേക്കും പോയി. ഇതിനിടെ നിരവധി എം.എൽ.എമാരാണ് ഉദ്ധവിനെ വിട്ട് ഷിൻഡെക്കൊപ്പം ചേർന്നത്. ഇതോടെ ന്യൂനപക്ഷമായ ഉദ്ധവ് സർക്കാർ രാജിവെക്കുകയായിരുന്നു.

Tags:    
News Summary - Uddhav was ready for alliance with BJP but...': Claim by MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.