മുംബൈ: കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ആസക്തിയുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ.
ഇതിനെകുറിച്ചുള്ള സമഗ്ര റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുമെന്ന് സംസ്ഥാന ഐ.ടി മന്ത്രി അഡ്വ. ആശിഷ് ഷെലാർ നിയമസഭയെ അറിയിച്ചു. അനിയന്ത്രിതമായ സ്‌ക്രീനിങ്ങും സോഷ്യൽ മീഡിയ ഉപയോഗവും ഉയർത്തുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ എടുത്തുകാണിച്ച എം.എൽ.സിമാരായ നിരഞ്ജൻ ദവ്ഖരെ, സഞ്ജയ് കെനേക്കർ ഉന്നയിച്ച പ്രമേയത്തെ തുടർന്നാണ് സർക്കാർ തീരുമാനം.
സൈക്യാട്രിസ്റ്റുകൾ, വിദ്യാഭ്യാസ വിദഗ്ധർ, ചൈൽഡ് കൗൺസിലർമാർ, സാങ്കേതിക വിദഗ്ധർ, നിയമ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക.
കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇരുസഭകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി ഷെലാർ പറഞ്ഞു. സംസ്ഥാനത്ത് 18 വയസ്സിന് താഴെയുള്ള ഏകദേശം 4 കോടി കുട്ടികളുണ്ട്. 3 കോടി പേർ 15 വയസ്സിന് താഴെയുള്ളവരാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾക്കായി ഒരു ബോഡി രൂപീകരിക്കാൻ ഫെബ്രുവരി 2 ന് ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വീരേന്ദ്ര സിങ്ങിന് രേഖാമൂലമുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.