വിജയനഗരം: പുതുവത്സര ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ആൾ അറസ്റ്റിൽ. 35കാരനായ രാം ബാബുവാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിലെ വിഴിനഗരം ജില്ലയിലാണ് സംഭവം.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ പെൺകുട്ടികളും സുഹൃത്തും വട്ടിഗെദ്ദ ജലസംഭരണി സന്ദർശിച്ചിരുന്നു. സന്ദർശന ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിവരവെയാണ് രാം ബാബു പൊലീസ് ഒാഫീസർ ആണെന്ന് പരിചയപ്പെടുത്തി പെൺകുട്ടികളെ കബളിപ്പിച്ചത്.
ബലാത്സംഗ രംഗങ്ങൾ കാമറയിൽ പകർത്തിയ പ്രതി, സംഭവം പുറത്തുപറഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പ്രതിഷേധവുമായി പ്രാദേശവാസികൾ രംഗത്തുവന്നതിന് പിന്നാലെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതിപ്പെട്ടത്.
പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 376, 506 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ പെൺകുട്ടികളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിജയനഗരം ജില്ലാ പൊലീസ് സൂപ്രണ്ട് എം. ദീപിക അറിയിച്ചു. ആന്ധ്ര ഉപമുഖ്യമന്ത്രി പുഷ്പ ശ്രീവാണി സ്ഥലം സന്ദർശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.