നിധിക്കായി സ്വന്തം മക്കളെ ബലി നല്‍കാന്‍ ശ്രമം; അസമില്‍ സഹോദരങ്ങളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ഗുവഹത്തി: നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നൽകാൻ ശ്രമിച്ച സഹോദരങ്ങളായ രണ്ടു പേരെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. നരബലി നടക്കാനിടയുണ്ടെന്ന് വിവരം ലഭിച്ച നാട്ടുകാർ ഇവരെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. അതേസമയം, ഇവരുടെ വീട്ടുകാർ നാട്ടുകാരുടെ ആരോപണം നിഷേധിച്ചു.

ദൃക്സാക്ഷികൾ ഇല്ലാത്തതിനാലും പരാതി ലഭിച്ചിട്ടില്ലാത്തതിനാലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ടെന്ന് ശിവസാഗർ സദർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജയന്ത ശരത്തി ബോറ പറഞ്ഞു. ഇവരുടെ ആറ് മക്കളെയും പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം. ഗുവാഹത്തിയിൽ നിന്ന് 370 കിലോമീറ്റർ കിഴക്കും ശിവസാഗറിൽ നിന്ന് 10 കിലോമീറ്റർ അകലെയുമാണ് ദിമൗമുഖ്. ഇവിടെയുള്ള ജമീയുർ ഹുസൈനും സഹോദരൻ ശെരീഫുൽ ഹുസൈനും ഒരു വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരം സ്വന്തം മക്കളെ ബലി നൽകാൻ ഒരുങ്ങിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

സ്വന്തം മക്കളെ ബലി നൽകിയാൽ ഇവരുടെ വീട്ടിന് സമീപം മാവിൻചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താൻ കഴിയുമെന്ന് ബെസ് എന്നറിയപ്പെടുന്ന വ്യാജ സിദ്ധൻ പറഞ്ഞത് പ്രകാരമായിരുന്നു ഇത്. ശിവസാഗറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സോനാരി ഗ്രാമത്തിലുള്ളയാളാണ് ബെസ്.

ഇവരുടെ മൂന്ന് വീതം കുട്ടികളെ കുടുംബാംഗങ്ങൾ തടവിലാക്കിയെന്ന സംശയം ഉയർന്നതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. സഹോദരങ്ങളെയും ഭാര്യമാരെയും കുട്ടികളെയും നാട്ടുകാർ പൊലീസിലേൽപ്പിക്കുകയായിരുന്നു.

അതേസമയം, നാട്ടുകാരുടെ ആരോപണങ്ങളെല്ലാം കുടുംബം നിഷേധിച്ചു. കുട്ടികളുടെ അസുഖം മാറ്റാനാണ് സിദ്ധന്റെ സഹായം തേടിയതെന്നാണ് അവർ പറയുന്നത്. ഒരു മാസം മുമ്പ് സോനാരിയിൽ പോയി സിദ്ധനെ കണ്ട് തിരിച്ചെത്തിയതു മുതൽ നാട്ടുകാർ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും അവർ പറയുന്നു.

ഒളിവിലായ സിദ്ധനെ കണ്ടെത്തിയാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടികളെ നരബലിക്ക് വിധേയരാക്കുന്നത് അസമിൽ പതിവാണ്. കഴിഞ്ഞ വർഷം അസമിലെ ഉഡാൽഗിരി ജില്ലയിൽനിന്ന് ഒരുകുട്ടിയെ നരബലിക്ക് തൊട്ടുമുമ്പ് രക്ഷപ്പെടുത്തിയിരുന്നു. 2013ൽ ഒരാൾ 13 വയസുള്ള മകനെ കൊന്നത് നരബലിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Tags:    
News Summary - Two men trying to sacrifice five minors detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.