യു.പിയിൽ പാകിസ്താന്‍ തീവ്രവാദശൃംഖലയിലുൾപ്പെട്ട രണ്ട് പേർ പിടിയിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ബിജ്നോറിൽ പാകിസ്താന്‍ തീവ്രവാദശൃംഖലയിലുൾപ്പെട്ട രണ്ട് പേരെ സംസ്ഥാന തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യയിലെ പാകിസ്താൻ തീവ്രവാദശൃംഖലയുടെ സോഷ്യൽ മീഡിയ ഹാന്‍ഡിലുമായും ഇതിന്‍റെ പ്രധാനികളിലൊരാളായ മീററ്റ് സ്വദേശി ആഖിബ് എന്നയാളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അധികൃതർ അറിയിച്ചു. കേസിൽ മറ്റ് രണ്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉവൈദ് മാലിക്, ജലാൽ ഹൈദർ എന്നിവർ പിടിയിലായത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടെത്തിക്കുന്ന വിപുലമായ ശൃംഖലയാണിതെന്ന് പൊലീസ് വ്യക്തമാക്കി.

ആഖിബ് ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായും തീവ്രവാദ ബന്ധം പുലർത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുക, രാജ്യവിരുദ്ധ വികാരം ഉണർത്തുക, അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പ് സൂറത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതികൾ ആഖിബിനെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശി മൈസൂളിനയും പരിചയപ്പെടുന്നത്. ഏപ്രിൽ രണ്ടിന് മീററ്റ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിൽ നിന്ന് ഇതേ സംഘത്തിൽപ്പെട്ട നാല് പേരെ എ.ടി.എസ് പിടികൂടിയിരുന്നു. ലഖ്‌നോ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്‍റെ ഗൂഢാലോചനയെക്കുറിച്ചുള്ള സൂചനകൾ അന്ന് ഈ പ്രതികളിൽ നിന്നും ലഭിച്ചു.

2025 നവംബറിൽ ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോയാണ് അന്വേഷണത്തിൽ നിർണ്ണായകവഴിത്തിരിവായത്. വീഡിയോയിൽ ആഖിബ് ഒരു എ.കെ-47 തോക്കും സ്ഫോടകവസ്തുക്കളും പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രാദേശിക പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, വീഡിയോയിലുള്ളത് കളിപ്പാട്ടങ്ങളാണെന്ന നിഗമനത്തിൽ അന്ന് കേസ് അവസാനിപ്പിച്ചെങ്കിലും പുതിയ തെളിവുകൾ പുറത്തുവന്നതോടെ കേസ് പുനരാരംഭിച്ച് എ.ടി.എസിന് കൈമാറി. ഇതിനോടൊപ്പം പഴയ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയും ചെയ്തു. നിലവിൽ ആഖിബിനെതിരെ മൂന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്‍റെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Two members of a Pakistan-linked terror module arrested in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.