ഇന്ത്യക്കാരെ അപകടത്തിലേക്ക് തള്ളിവിടാനാകില്ല, ഹുർമുസിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പൽ ഉടമകൾക്ക് നിർദേശം നൽകി അധികൃതർ

ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ​ സാഹചര്യത്തിൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ പുതുതായി നിയമിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിറ്റൈം അഡ്മിനിസ്ട്രേഷൻ കപ്പൽ ഉടമകൾക്ക് നിർദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കപ്പൽ ഉടമകൾ, കപ്പൽ മാനേജ്മെന്റ് കമ്പനികൾ, റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്‌മെന്റ് സർവീസ് ലൈസൻസ് കമ്പനികൾ എന്നിവർക്കാണ് ഡി.ജി.എം.എ നിർദേശം നൽകിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ചതും വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ കൂടിയതുമാണ് മുൻകരുതൽ നടപടിക്ക് കാരണം.

ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഡി.ജി.എം.എ എക്സ് അക്കൗണ്ടിൽ കുറിച്ചു. മേഖലയിൽ സംഘർഷം തുടരുന്നതിനാൽ ഇന്ത്യൻ ജീവനക്കാരെ അപകടസാധ്യതയിലേക്ക് തള്ളിവിടാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. അടുത്തിടെ നിരവധി വാണിജ്യ കപ്പലുകളാണ് ഹുർമുസിൽ ആക്രമിക്കപ്പെട്ടത്. ഇതോടെ കടലിടുക്കിലൂടെയും സമീപ സമുദ്രപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ഭീഷണി വർധിച്ചിരിക്കുകയാണ്. ഇറാന്റെ സമുദ്ര ഗതാഗത മാർഗങ്ങൾ യു.എസ് ഉപരോധിക്കുന്നതിന് മറുപടിയായി ഹുർമുസിൽ അനുമതിയില്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കുകയെന്ന നിലപാടിലാണ് ഇറാൻ.

പേർഷ്യൻ ഗൾഫ്, ഹുർമുസ് കടലിടുക്ക്, സമീപ സമുദ്രപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന കപ്പലുകളുടെ ക്യാപ്റ്റൻമാർ അതീവ ജാഗ്രത പാലിക്കണമെന്നും ഡി.ജി.എം.എ നിർദേശിച്ചു. നാവിഗേഷൻ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ പരിശോധിക്കാനും നിയമങ്ങൾ കർശനമായി പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്ന നാവികരും കപ്പലുകളും ഉടൻ കമ്മ്യൂണിക്കേഷൻ സെന്ററുമായോ അല്ലെങ്കിൽ ഇന്ത്യൻ നാവികസേനയുടെ ഇൻഫർമേഷൻ സെന്ററുമായോ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

വ്യാപാരപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി വർധിച്ചതോടെ അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തെയും എണ്ണക്കപ്പൽ സർവീസുകളെയും ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഹുർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 'Avoid deploying Indian seafarers on vessels that will cross Hormuz': Centre's advisory to ship owners as Gulf tensions reignite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.