ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് ഹൈകോടതിയുടെ നിർദേശം. വാങ്ചുക്കിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
59കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ഏതൊരു പൗരന്റെയും ജീവൻ വിലപെട്ടതാണെന്നും അത് രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി പറഞ്ഞു.
വാങ്ചുകിന്റെ ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി വിശദീകരണം തേടി. ദിവസേന ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ പരിശോധനകൾ നടത്തുന്നത് ചിലപ്പോൾ സർക്കാർ ഡോക്ടർമാരും മറ്റു ചിലപ്പോൾ സ്വകാര്യ ഡോക്ടർമാരാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഇതോടെ, ആരോഗ്യനില സർക്കാർ നിയോഗിക്കുന്ന ഡോക്ടർ ദിവസേന പരിശോധിക്കണമെന്ന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകി. വാങ്ചുക്കിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഇടപെടലുകളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ‘ജീവൻ അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് ജൂൺ 28 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തെ തുടർന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.