ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചു. ചിക്കബൽകാപുർ എം.എൽ.എ ഡോ. കെ. സുധാകർ, ഹൊസകൊട്ടെ എം.എൽ.എ എം.ടി.ബി നാഗരാജ് എന്നിവരാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഇവർ സ്പീക്കർ കെ.ആർ. ര േമശ്കുമാറിന് രാജിക്കത്ത് കൈമാറി. ഇതോടെ രാജിവെച്ച കോൺഗ്രസ്-ജെ.ഡി.എസ് വിമതരുടെ എണ്ണം 16 ആയി ഉയർന്നു.
അതേസമയം, കെ. സുധാകറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കർണാടക പി.സി.സി രംഗത്തെത്തി. സുധാകറുമായി പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു കൂടിക്കാഴ്ച നടത്തുന്നു. ഇതിനിടെ, കൂടുതൽ എം.എൽ.എമാർ രാജിവെക്കുമെന്ന വാർത്ത പുറത്തു വരുന്നുണ്ട്. ഗണേഷ് ഹുക്കേരി രാജിവെക്കുമെന്നാണ് ഒടുവിലത്തെ വിവരം.
ചൊവ്വാഴ്ച വിധാൻസൗധ ഹാളിൽ ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. ജെ.ഡി.എസ് -കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കി രാജി സമർപ്പിച്ച 13 ഭരണകക്ഷി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
ഭരണസഖ്യത്തിെൻറ രക്ഷാദൗത്യത്തിന് തിരിച്ചടിയായി സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും തിങ്കളാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുവരുടെയും പിന്തുണ ലഭിച്ചതോടെ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 107 ആയി. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേർ ബി.ജെ.പിക്കും എന്ന നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.