ഗുരുഗ്രാമിൽ യുവാവിനെ മർദിച്ച രണ്ട്​ ഗോസംരക്ഷക ഗുണ്ടകൾ അറസ്റ്റില്‍

ഗുരു​ഗ്രാം: പശുവിറച്ചി കടത്തുന്നുവെന്നാരോപിച്ച് ഹരിയാനയിലെ ഗുരു​ഗ്രാമിൽ​ 25കാരനെ ക്രൂരമായി മർദിച്ച രണ്ട്​ ഗോസംരക്ഷക ഗുണ്ടകളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സംഘത്തിലുള്ള ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അക്രമത്തി​െൻറ നടുക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലുഖ്​മാൻ എന്നയാൾക്കാണ് മർദനമേറ്റത്. ഇയാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചുറ്റിക ഉപയോഗിച്ചുള്ള മർദനത്തിൽ തലയോട്ടി തകർന്നിട്ടുണ്ട്​.

പൊലീസുകാരും നാട്ടുകാരും നോക്കിനിൽക്കെയാണ്​ ഗോസംരക്ഷക ഗുണ്ടകൾ മർദിച്ചത്​. ലുഖ്​മാൻ ഓടിച്ച പിക്-അപ് ട്രക്ക് ഇവർ പിന്തുടർന്നെത്തി തടയുകയായിരുന്നു. തുടർന്ന് ക്രൂരമായ മർദനം അഴിച്ചുവിട്ടു. ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും അതിക്രൂരമായി മർദിക്കുയും ചെയ്തു.

2015ൽ നോയിഡയിലെ ദാദ്രിയിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് അഖ്​ലാക്ക് എന്ന വയോധികനെ മർദിച്ചുകൊന്നതിന് സമാനമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മർദിച്ച് മൃതപ്രായനാക്കിയ ശേഷം ലുഖ്​മാനെ വാഹനത്തിൽ കെട്ടിയിട്ട് ബാദ്ഷാപൂർ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് വീണ്ടും മർദനം തുടർന്നു. പൊലീസ് എത്തിയപ്പോഴാണ് മർദനം അവസാനിപ്പിച്ചത്.

വിഡിയോയിൽ അക്രമികളുടെ മുഖം ഉൾപ്പെടെ വ്യക്തമായിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസ് തയാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അജ്ഞാതരുടെ മർദനം എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാംസം പശുവിറച്ചിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ലാബിലേക്ക് അയച്ചിട്ടുമുണ്ട്.

വാഹനത്തിലുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും വാഹനത്തിന്‍റെ ഉടമ പറഞ്ഞു. 50 വർഷമായി ഈ വ്യാപാരം തുടർന്നുവരികയാണെന്നും വാഹന ഉടമ വ്യക്തമാക്കിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.