ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തിൽ രണ്ടുപേർ -യശ്വന്ത് സിൻഹ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്ഡേ തുക്ഡേ' സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ ട്വീറ്റിൽ പറഞ്ഞു.

രാജ്യത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ഡൽഹിയിലെ 'തുക്‌ഡെ തുക്‌ഡെ' ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. ഇതിനാണ് യശ്വന്ത് സിൻഹയുടെ മറുപടി.

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്‌ഡെ തുക്‌ഡെ' സംഘത്തിൽ രണ്ടുപേരാണുള്ളത്, ദുര്യോധനനും ദുശ്ശാസനനും. ഇരുവരും ബി.ജെ.പിയിലാണ്. ഇവരെ സൂക്ഷിക്കണം -യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിൻഹ വാജ്‌പേയി മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 2018ലാണ് ഇദ്ദേഹം ബി.ജെ.പി വിട്ടതായി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

നേരത്തെ, ചരിത്രകാരൻ രാമചന്ദ്രഗുഹയും അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. ശരിക്കുമുള്ള 'തുക്‌ഡെ തുക്‌ഡെ' സംഘം ഡൽഹിയിൽ ഇരുന്ന് രാജ്യം ഭരിക്കുകയാണ്. അവർ മതത്തിന്‍റെ പേരിൽ മാത്രമല്ല, ഭാഷയുടെ പേരിലും രാജ്യത്തെ ഭിന്നിപ്പിക്കുന്നു. ഇതിനെതിരെ പ്രതിഷേധം തീർക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞിരുന്നു.

Tags:    
News Summary - Tukde-tukde gang has 2 people both are in BJP: Yashwant Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.