ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ സ്ഥിതി പ്രശ്നഭരിതമാണെങ്കിലും അതിർത്തി സുസ്ഥിരമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സൈനിക ദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്വിവേദി. മേഖലയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ഇരുപക്ഷവും വേർപിരിഞ്ഞ സ്ഥലങ്ങളായ ഡെപ്‌സാങ്ങിലും ഡെംചോക്കിലും പരമ്പരാഗത മേഖലകളിൽ പട്രോളിംഗും നിരീക്ഷണവും ആരംഭിച്ചതായി കരസേനാ മേധാവി പറഞ്ഞു.
നമ്മുടെ വിന്യാസം സന്തുലിതവും ശക്തവുമാണ്. ഏതു സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രാപ്തരാണ്. അതിർത്തിയിലെ അടിസ്ഥാന സൗകര്യവും ശേഷിയും വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മൊത്തത്തിലുള്ള സാഹചര്യത്തെക്കുറിച്ച് കരസേനാ മേധാവി പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മൊത്തത്തിൽ നിയന്ത്രണത്തിലാണ്. പാകിസ്താൻ പക്ഷവുമായുള്ള വെടിനിർത്തൽ കരാർ നിയന്ത്രണരേഖയിൽ നിലനിൽക്കുന്നുണ്ട്. അതേസമയം, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുകയാണെന്നും പാകിസ്താൻ ഭാഗത്ത് ഭീകരതക്ക് അടിത്തറയില്ലെന്നും കരസേനാ മേധാവി പറഞ്ഞു.
മണിപ്പൂരിൽ സുരക്ഷാ സേനയുടെ സമന്വയ ശ്രമങ്ങളും ക്രിയാത്മകമായ സർക്കാർ സംരംഭങ്ങളും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മണിപ്പൂരിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. മേഖലയിൽ സമാധാനം കൊണ്ടുവരാൻ സായുധ സേന ശ്രമിക്കുന്നുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതിഗതികൾ മാറാനുള്ള ഏതു സാധ്യതയും നേരിടാൻ വർധിച്ച നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.