ഗുജറാത്തിലും കോൺഗ്രസിന് തിരിച്ചടി; അഞ്ച് എം.എൽ.എമാർ രാജിവെച്ചു

അഹമ്മദാബാദ്: നിർണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലും കോൺഗ്രസിന് തിരിച്ചടി. ഞായറാഴ്ച അഞ്ച് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. 26ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് എം.എൽ.എമാരെ ജെയ്പൂരിലേക്ക് മാറ്റുന്നതിനിടെയാണ് രാജി.

നാല് എം.എൽ.എമാർ ശനിയാഴ്ച രാജിക്കത്ത് നൽകിയെന്നും ഇവരുടെ പേരുകൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പിന്നീട് മറ്റൊരു എം.എൽ.എ‍യും രാജിവെച്ചതായി അറിയിച്ചു. ജെ.വി. കക്ടിയ, സോമഭായി പട്ടേൽ, പ്രവീൺ മാരൂ തുടങ്ങിയ അഞ്ച് എം.എൽ.എമാരാണ് രാജിവെച്ചതെന്ന് അഭ്യൂഹമുണ്ട്.

അതേസമയം, എം.എൽ.എമാർ രാജിവെച്ചെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു. സോമഭായി പട്ടേൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നെന്നും ജെ.വി. കക്ടിയയെ ഫോണിൽ ലഭിക്കുന്നില്ലെന്നും മറ്റൊരു എം.എൽ.എയായ വിർജിഭായി തുമ്മാർ പറഞ്ഞു.

14 കോൺഗ്രസ് എം.എൽ.എമാരെ ശനിയാഴ്ച ജെയ്പൂരിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുമെന്ന ഭീതിയിലാണ് കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ ജെയ്പൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

182 സീറ്റാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന് 73ഉം ബി.ജെ.പിക്ക് 103 സീറ്റും ഉണ്ട്. ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ടും എൻ.സി.പിക്ക് ഒരു സീറ്റുമുണ്ട്.

രാജ്യസഭയിലേക്ക് രണ്ട് സീറ്റുകൾ മാത്രം വിജയിപ്പിക്കാൻ ശേഷിയുള്ള ബി.ജെ.പി മൂന്ന് സ്ഥാനാർഥികളെ നിർത്തിയതോടെയാണ് പണം കൊടുത്ത് എം.എൽ.എമാരെ വിലക്ക് വാങ്ങാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് സംശയിച്ച് തുടങ്ങിയത്.

സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് മേവാനി പിന്തുണച്ചാൽ കോൺഗ്രസിന് രണ്ടുപേരെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും.

Tags:    
News Summary - Trouble mounts for Congress as 5 Gujarat MLAs resign ahead of Rajya Sabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.