മമത ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് പ്രതിനിധിസംഘത്തോട് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ‘പോയി തുലയാൻ’ പറഞ്ഞതായി പരാതി. എന്നാൽ, തന്റെ നേരെ തൃണമൂൽ നേതാക്കൾ ആക്രോശിക്കുകയായിരുന്നുവെന്ന് കമീഷണർ ആരോപിച്ചു.
പരാതി ഉന്നയിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അംഗങ്ങളും കമീഷനും ബുധനാഴ്ച നടത്തിയ രൂക്ഷ വാഗ്വാദത്തിന് വഴിവെച്ചത്. ഏഴ് മിനിറ്റ് നീണ്ട യോഗത്തിനൊടുവിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തങ്ങളോട് പോയി തുലയാൻ പറയുകയായിരുന്നുവെന്ന് തൃണമൂൽ നേതാവും രാജ്യസഭ അംഗവുമായ ഡറിക് ഒബ്രിയേൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറ്റു തെരഞ്ഞെടുപ്പ് കമീഷണർമാരുമായി തങ്ങൾ ഇതിനകം എട്ടോ ഒമ്പതോ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ, അവരാരും ഈ രീതിയിൽ പ്രതികരിച്ചിട്ടില്ല. കമീഷൻ-ബി.ജെ.പി ബന്ധത്തിന്റെ തെളിവാണിതെന്നും ഒബ്രിയേൻ പറഞ്ഞു. ഞങ്ങൾ ഇറങ്ങിയപ്പോൾ, പാർലമെന്റിന്റെ ഇരു സഭകളിലും പുറത്താക്കലിന് നോട്ടീസ് ലഭിച്ച ഏക തെരഞ്ഞെടുപ്പ് കമീഷണറെ സഹപ്രവർത്തകരിലൊരാൾ അഭിനന്ദിച്ചെന്നും ഒബ്രിയേൻ പരിഹസിച്ചു. എന്നാൽ, തൃണമൂൽ നേതാക്കളുമായി ശരിയായ രീതിയിൽ ചർച്ച നടത്തിയതായി കമീഷൻ വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമ ബംഗാൾ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിൽ (എസ്.ഐ.ആർ) 91 ലക്ഷം വോട്ടർമാർ പുറത്തായ സംഭവത്തിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ‘‘പേരുകൾ നീക്കംചെയ്യുന്നതിലൂടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ നിങ്ങൾക്കാവില്ല.വോട്ടർമാരെ പുറത്താക്കിയ നടപടിയെ വീണ്ടും കോടതിയിൽ ചോദ്യംചെയ്യും’’ -ഹുഗ്ലി ജില്ലയിലെ അരാംബാഗിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.
ജനങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയുന്നില്ലെങ്കിൽ ട്രൈബ്യൂണലുകൾ രൂപവത്കരിക്കുന്നതിൽ എന്തു കാര്യമാണുള്ളതെന്നും മമത ചോദിച്ചു.എസ്.ഐ.ആർ നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ മമത ബാനർജി സുപ്രീംകോടതിയെ സമീപിക്കുകയും സ്വയം കേസ് വാദിക്കുകയും ചെയ്തിരുന്നു.തുടക്കം മുതൽ വിവാദത്തിലായ പശ്ചിമ ബംഗാൾ എസ്.ഐ.ആറിൽ കമീഷന്റെ കണക്കുകൾ പ്രകാരം 91 ലക്ഷം വോട്ടർമാരാണ് പുറത്തായത്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മുർശിദാബാദിലാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിൽനിന്ന് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.