ഭോപ്പാൽ: കൃത്യസമയത്ത് ആംബുലൻസ് സേവനം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിലേക്കുളള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയുടെ നാല് നവജാത ശിശുക്കളും മരിച്ചു. മധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലാണ് സംഭവം. ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് നവജാതശിശുക്കളുടെ മരണമെന്ന് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.
മാണ്ട്ലയിലെ ബിചിയ ബ്ലോക്കിലെ നായിഗൻവ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. 28-കാരിയായ രജ്നി സിംഗ്രം ഏഴു മാസം ഗർഭിണിയായിരുന്നു. രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങൾ ആദ്യം 108 ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ടു. എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും ആംബുലൻസ് എത്താത്തതിനാൽ സ്വന്തം നിലക്ക് സ്വകാര്യ വാഹനത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ സൗകര്യങ്ങളുള്ള ബിചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇതിനായി ഓട്ടോറിക്ഷയിലാണ് രജ്നിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രക്കിടെ യുവതി പ്രസവിച്ചു. ആശുപത്രിയിലെത്തും മുമ്പ് ഓട്ടോറിക്ഷക്കുളളിൽ യുവതി നാല് കുഞ്ഞുങ്ങൾക്കും ജന്മം നൽകി. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാല് നവജാത ശിശുക്കളും മരിച്ചതായി സ്ഥിരീകരിച്ചു.
അടിയന്തര സമയത്ത് ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് രജ്നിയുടെ ഭർത്താവ് ധനേഷ് ആരോപിച്ചു. "എന്റെ ഭാര്യ ഏഴ് മാസം ഗർഭിണിയായിരുന്നു. ആംബുലൻസ് ലഭിക്കാതിരുന്നതിനാൽ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ പ്രസവം നടന്നു. നാല് കുഞ്ഞുങ്ങളും മരിച്ചു," അദ്ദേഹം പറഞ്ഞു.
അതേസമയം, ബിചിയ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനൂപ് കുമാർ ഭാരതി, "രജ്നി ഏകദേശം 30 ആഴ്ച ഗർഭിണിയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ പ്രസവം നടന്നിരുന്നു. കുഞ്ഞുങ്ങൾ മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ ശരീരവളർച്ച പൂർണമായിരുന്നില്ലെന്നും ഭാരം വളരെ കുറവുമായിരുന്നുവെന്നും "-അദ്ദേഹം പറയുന്നു. അമ്മക്ക് ഉടനെ ചികിത്സ നൽകിയതായും നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു.
"ഓരോ കുഞ്ഞിനും ഏകദേശം 1.5 കിലോഗ്രാം മാത്രമാണ് ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. മാസം തികയുന്നതിന് മുമ്പേ പ്രസവിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യസങ്കീർണതകളാണ് നാല് കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന്" മണ്ഡ്ല ജില്ലാ ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കുകയും വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാകുകയും ചെയ്തിരുന്നെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത കൂടുതലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.